KSDLIVENEWS

Real news for everyone

അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആളുണ്ടാവില്ല’; മന്ത്രി ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ ഡോ. ഷിംന

SHARE THIS ON

കൊച്ചി: ലഹരിക്കുവേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോള്‍ ബാക്കിയുണ്ടാകില്ലെന്ന് ഷിംന അസീസ് പറയുന്നു. അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുളള സാധ്യത വളരെ കൂടുതലാണെന്നും രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് വെനം ഉള്ള അണലി കൊത്തിയാല്‍ ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണെന്നും ഷിംന അസീസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാല്‍ മന്ത്രി ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതല്‍ പോപ്പുലറാകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ടെന്നും ഷിംന പറഞ്ഞു. ഫെയ്ബുക്കിലൂടെയാണ് ഷിംനയുടെ പ്രതികരണം.

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അതിന് താഴെ ഡോക്ടര്‍ക്കെതിരെ വിമര്‍ശന കമന്റുകളും വരുന്നുണ്ട്. ഡോക്ടര്‍ ഓപ്പറേഷന്‍ തൂഫാനെതിരെയാണെന്നും കമ്മി ആയതുകൊണ്ടാണെന്നുമാണ് ചിലര്‍ ഈ പോസ്റ്റിനെ വിമര്‍ശിച്ചത്. ഇതിനും ഡോക്ടര്‍ വിശദമായി മറുപടി കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷങ്ങളേ എന്തെങ്കിലും തരത്തിൽ ലഹരിസംബന്ധമായ ലക്ഷണങ്ങൾ ഉണ്ടാക്കൂ എന്നത്‌ പോസ്‌റ്റിലുണ്ട്‌. അത്‌ അണലിയെക്കൊണ്ട്‌ സാധിക്കില്ല, മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ ന്യൂറോ ടോക്സിക് വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌. കൂടുതൽ വ്യക്‌തതക്ക്‌ പോസ്‌റ്റിൽ ആ ഭാഗത്ത്‌ ഈ നാല്‌ വരികൾ കൂടി കോപ്പി പേസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഓപ്പറേഷൻ തൂഫാനെതിരെ പോസ്റ്റിൽ ഒന്നും ഇല്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. എറണാകുളത്ത് ഒരു സ്ഥലത്ത് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാക്കില്‍ കൊത്തിക്കുന്ന ഒരു സ്ഥലം പൊലീസ് കണ്ടുപിടിച്ചു. മരിച്ചുപോകില്ല. അണലിക്കുഞ്ഞല്ലേ. അതിശക്തമായ നടപടി സ്വീകരിച്ചു. അതിന് ശേഷമാണ് ഇതെല്ലാം പിടികിട്ടിയത്. നെറ്റിയിലിടുന്ന പൊട്ട്, നാക്കിലിടുന്ന സ്റ്റാംപ്, കയ്യിലിടുന്ന പ്ലാസ്റ്റര്‍ ഇതെല്ലാം ലഹരിയാണ്. നമ്മളത് അറിയുന്നില്ല, ഇങ്ങനെയായിരുന്നു ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞത്.

ഡോ. ഷിംനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന ‘ഹീമോടോക്സിക് വെനം’ ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണ്.

നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌.

എന്ന്‌ മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ…

വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം.

നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.

ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി ‘കുട്ടി’ അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ.

മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.

കൂടെ ഒന്ന് കൂടി…ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല.

അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്‌.

അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട…


ഡോ.ഷിംന അസീസ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!