യു.പി.ഐ വഴി അന്താരാഷ്ട്ര ഇടപാടുകൾ: ആഗോള സ്ഥാപനങ്ങളുമായി ധാരണ

മുംബൈ: അന്താരാഷ്ട്ര ഇടപാടുകൾക്ക് യു.പി.ഐ.യെ ശക്തമാക്കാൻ നടപടികളുമായി എൻ.പി.സി.ഐ. ഇതിന്റെ ഭാഗമായി യു.പി.ഐ. വഴി വിദേശത്തേക്കുള്ള തത്സമയ വിദേശ വിനിമയ ഇടപാടുകൾ തീർപ്പാക്കുന്നതിന് എച്ച്.എസ്.ബി.സി. ഇന്ത്യ, ജെ.പി. മോർഗൻ പേമെന്റ്സ് എന്നിവയുമായി ധാരണയിലെത്തി. ഇന്ത്യക്കു പുറത്തേക്ക് വിദേശ കറൻസിയിൽ വിനിമയം നടത്തുമ്പോൾ തത്സമയ വിനിമയമൂല്യമനുസരിച്ച് വേഗത്തിൽ സുതാര്യമായി ഇടപാടു പൂർത്തിയാകാനാകുമെന്നതാണ് ഇതിന്റെ നേട്ടം.
എച്ച്.എസ്.ബി.സി. ഇന്ത്യ, ജെ.പി. മോർഗൻ പേമെന്റ് എന്നിവയുമായുള്ള പങ്കാളിത്ത പദ്ധതി പ്രകാരം എ.പി.ഐ. ഇന്റഗ്രേഷൻ വഴി ബാങ്ക് തത്സമയ വിനിമയ നിരക്ക് ലഭ്യമാകുമെന്ന് എൻ.പി.സി.ഐ. അറിയിച്ചു. അതുകൊണ്ടുതന്നെ ഇടപാടു പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ രൂപയിൽ എത്ര തുക അവിടെ ലഭിക്കുമെന്ന് ഉപഭോക്താവിന് നേരത്തേതന്നെ അറിയാനാകും. അന്താരാഷ്ട്ര വ്യാപാരികൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും അവരുടെ പ്രാദേശിക കറൻസിയിൽതന്നെ പണം ലഭിക്കുകയും ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങളും ഇടപാടു പൂർത്തിയാക്കലും കൂടുതൽ ലളിതമാകും. എച്ച്.എസ്.ബി.സി.യുമായുള്ള ധാരണയിലൂടെ 24 മണിക്കൂറും ഇടപാടുകൾ നടത്താനും അവസരമൊരുങ്ങും.
ഇതോടൊപ്പം കൂടുതൽ രാജ്യങ്ങളിൽ യു.പി.ഐ. പേമെന്റ് സേവനം ലഭ്യമാക്കാനുള്ള നടപടികളുമായി എൻ.പി.സി.ഐ. മുന്നോട്ടുപോകുകയാണ്. പുതുതായി ഗ്രീസിൽ യു.പി.ഐ. സേവനം ലഭ്യമായി തുടങ്ങി. ഇതോടെ യു.പി.ഐ. ലഭ്യമാകുന്ന വിദേശ രാജ്യങ്ങളുടെ എണ്ണം പത്തായി. ഗ്രീസിനു പുറമേ സിങ്കപ്പൂർ, യു.എ.ഇ., നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, ഫ്രാൻസ്, ശ്രീലങ്ക, ഖത്തർ, കംബോഡിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സഞ്ചാരികൾക്ക് ക്യു.ആർ. കോഡ് വഴി നേരിട്ട് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിൽനിന്ന് രൂപയിൽ പേമെന്റ് നടത്താനാകും.

