ജന്മനാട്ടിൽ ഖമനയിയുടെ മൃതദേഹം, ഇറാനിൽ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ വിലാപയാത്ര; സംസ്കാരം ഉടൻ

നജാഫ്/ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിൽ എത്തിച്ചു. മഹാൻ എയർ വിമാനത്തിലാണ് ഖമനയിയുടെ മൃതദേഹം മഷ്ഹദ് വിമാനത്താവളത്തിൽ എത്തിച്ചത്. നജാഫിലെയും കർബലയിലെയും വിശുദ്ധ മന്ദിരങ്ങളിൽ നടന്ന ചടങ്ങുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്നലെ ഇറാഖിലെ നജാഫ്, കർബല നഗരങ്ങളിൽ വൻ ജനക്കൂട്ടമാണ് ഖമനയിയെ അവസാനമായി കാണാനെത്തി.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്കാരം വൈകിട്ട് നാലരയിലേക്ക് മാറ്റിയിട്ടുണ്ട്. 1939ൽ ജനിച്ച ആയത്തുല്ല അലി ഖമനയിക്ക് മഷ്ഹദ് നഗരവുമായി അടുത്ത വ്യക്തിബന്ധമുണ്ട്. ഷിയാ മുസ്‍ലിങ്ങളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളിലൊന്നായ ഇമാം റെസാ മന്ദിരത്തിലാണ് അദ്ദേഹത്തിന്റെ കബറടക്കം നടക്കുക. ജൂലൈ 4ന് ആരംഭിച്ച് ടെഹ്‌റാൻ, ഖൂം, നജാഫ്, കർബല എന്നീ നഗരങ്ങളിലൂടെ ആറു ദിവസമായി തുടരുന്ന വിലാപയാത്രയിൽ കോടിക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 28 ന് യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് 36 വർഷം ഇറാനെ നയിച്ച ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. മാർച്ചിൽ നടക്കേണ്ടിയിരുന്ന സംസ്‌കാര ചടങ്ങുകൾ യുദ്ധസാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കാരണം നീണ്ടുപോവുകയായിരുന്നു. ഇറാനിൽ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും പുരോഗമിക്കുന്നത്. അതേസമയം, ഖമനയിയുടെ മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കില്ല. ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്കും സാരമായി പരുക്കേറ്റിരുന്നു.

