KSDLIVENEWS

Real news for everyone

പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ

SHARE THIS ON

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് ആഹ്വാനം നൽകിയ പ്രമുഖ അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചതിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ. ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രവും പിടിച്ച് ഡോണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്ന തരത്തിലുള്ള ചിത്രവും വാർത്തയ്ക്കൊപ്പം പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. 

ചിത്രത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും കാണാം. മറ്റൊരു പ്രമുഖ ഇറാനിയൻ പത്രമായ ‘വതൻ-ഇ എംറൂസ്’ ഗ്രഹാമിനെ ‘മരണത്തിന്റെ വ്യാപാരി’ എന്നാണ് വിശേഷിപ്പിച്ചത്. 

ലിൻഡ്സെ ഗ്രഹാമിന്റെ മരണം ഇറാൻ മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷമാക്കി. ‘യുദ്ധക്കൊതിയനും ഇറാൻ വിരുദ്ധനുമായ അമേരിക്കൻ സെനറ്റർ നരകത്തിലേക്കു പോയി’ എന്നാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻ തത്സമയം പറഞ്ഞത്. ഭീഷണിപ്പെടുത്തലും ആക്രമണവുമായിരുന്നു ഗ്രഹാമിന്റെ ജീവിത ശൈലിയെന്നും അദ്ദേഹത്തിന്റെ മരണത്തിൽ ഇറാൻ ജനത ദുഃഖിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ പറഞ്ഞു. 

ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു പ്രതികാരമായി വധിക്കേണ്ട 13 വിദേശ നേതാക്കളുടെ പട്ടിക ഹംഷഹരി പത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ ഗ്രഹാം ഡോണൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും വിദേശനയ ഉപദേശകനുമായിരുന്നു. ഇറാനിലെ ഇപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിക്കണമെന്നും പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി വാഷിങ്ടനിലെ വസതിയിൽ വച്ചാണ് ഗ്രഹാം മരണപ്പെട്ടത്. ഹൃദയത്തിലെ പ്രധാന ധമനിയായ അയോർട്ടയിലുണ്ടായ തകരാറാണ് മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

error: Content is protected !!