KSDLIVENEWS

Real news for everyone

ട്രെയിനിലെ എസി കോച്ച്‌ യാത്രക്കാര്‍ 4 വര്‍ഷത്തിനിടെ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

SHARE THIS ON

ട്രെയിനിലെ എസി കോച്ച്‌ യാത്രക്കാർ 4 വർഷത്തിനിടെ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും.എസി കോച്ചുകളിലെ ഓരോ യാത്രയിലും രണ്ട് ബെഡ്ഷീറ്റുകള്‍, ഒരു തലയിണ, ഒരു തലയിണക്കവർ, ഒരു ഫേസ് ടവല്‍ എന്നിവയടങ്ങുന്ന ലിനൻ ബെഡ്റോള്‍ യാത്രക്കാർക്ക് ലഭിക്കാറുണ്ട്.

എന്നാല്‍ ഏകദേശം ആയിരത്തില്‍ ഒരു യാത്രക്കാരൻ വീതം ഇതില്‍ നിന്ന് കുറഞ്ഞത് ഒരു സാധനമെങ്കിലും എടുത്തുകൊണ്ട് പോകുന്നു എന്നാണ് കണ്ടെത്തല്‍. ഇത് ഇന്ത്യൻ റെയില്‍വേയ്ക്ക് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

കോവിഡ്-19 മഹാമാരിക്ക് ശേഷം ബെഡ്റോള്‍ സേവനങ്ങള്‍ പൂർണ്ണമായി പുനരാരംഭിച്ച 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ യാത്രക്കാർ 1.27 കോടിയിലധികം ബെഡ്റോള്‍ സാധനങ്ങള്‍ മോഷ്ടിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

മോഷണ നിരക്കിലെ വർദ്ധനവും സാമ്പത്തിക നഷ്ടവും

2022 മുതല്‍ 2025 വരെയുള്ള വർഷങ്ങളില്‍ ഇത്തരം മോഷണങ്ങളില്‍ 56 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ റെയില്‍വേയുടെ 69 ഡിവിഷനുകളിലും സമർപ്പിച്ച വിവരാവകാശ (ആർടിഐ) അപേക്ഷയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 18 റെയില്‍വേ സോണുകളിലെ 54 ഡിവിഷനുകളില്‍ നിന്നാണ് ഇതിനുള്ള മറുപടി ലഭിച്ചത്.

റെയില്‍വേ പ്രതിദിനം നല്‍കുന്ന വലിയ അളവിലുള്ള സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, പൊതുമുതലിനോടും പൗരബോധത്തോടുമുള്ള യാത്രക്കാരുടെ മനോഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. വിവരാവകാശ രേഖകള്‍ പ്രകാരം ഈ നാല് വർഷത്തെ കാലയളവില്‍ മോഷണം കാരണം ബെഡ്റോള്‍ കരാറുകാർക്ക് ഏകദേശം 104.51 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതൊരു ഗുരുതരമായ ആശങ്കയാണെന്ന് സമ്മതിച്ച റെയില്‍വേ ഉദ്യോഗസ്ഥൻ, മോഷണം തടയുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കി.



കോച്ചുകളിലെ ലിനൻ സാധനങ്ങളുടെ കണക്ക് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവ വിതരണം ചെയ്യാൻ ഏല്‍പിച്ചിരിക്കുന്ന ഏജൻസിക്കാണ്. എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ അതിന്റെ നഷ്ടം നികത്തേണ്ടി വരുന്നത് ഈ ഏജൻസികളാണ്. ലിനൻ മോഷണം പോകുന്നത് കാരണം ഈ കുറവ് നികത്താൻ റെയിവേയ്ക്ക് അധികമായി ലിനൻ സെറ്റുകള്‍ വാങ്ങേണ്ടി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!