കോട്ടയം അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കുടുംബം, ആൺസുഹൃത്ത് കസ്റ്റഡിയിൽ

അടൂർ: പത്തനംതിട്ട അടൂർ കോട്ടമുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. മരിച്ച ഷെഹനയ്ക്കൊപ്പം (31) വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശരീരമാസകലം മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഷെഹനയുടെ മൃതദേഹം. കൊല്ലം സ്വദേശിയെ വിവാഹം ചെയ്ത ഷെഹ്ന ഏറെനാളായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു.
ഷെഹ്ന താമസിച്ച വാടക വീട്ടിൽനിന്നും ഇന്നലെ ബഹളം കേട്ടതോടെ നാട്ടുകാർ കൗൺസിലറിനെ വിവരം അറിയിച്ചു. തുടർന്ന് കൗൺസിലറെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടു. ആൺസുഹൃത്താണ് വാതിൽ തുറന്നത്. തുടർന്ന് അകത്തേക്ക് നോക്കിയപ്പോൾ വീടിനുള്ളിലെ കോണിപ്പടിയിൽ തൂങ്ങിയ നിലയിലായിരുന്നു ഷെഹ്നയുടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസെത്തി വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളേറ്റിട്ടുണ്ട്. എസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളു.

