ടൈ ധരിക്കാൻ മറന്നു: കാലുപിടിച്ച് മാപ്പു പറയണമെന്ന് മേലുദ്യോഗസ്ഥൻ; ഇൻഡിഗോയിലെ ജോലി രാജിവച്ച് യുവാവ്

കാസർകോട്: യൂണിഫോമിൽ ടൈ ധരിക്കാൻ മറന്നതിന് കാലുപിടിച്ചു മാപ്പുപറയണമെന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാരോപിച്ച് വിമാനക്കമ്പനിയിലെ ജോലി രാജിവച്ച് യുവാവ്. കാസർകോട് എതിർത്തോട് സ്വദേശിയും ഇൻഡിഗോ സേഫ്റ്റി മാർഷലുമായ വൈ.മുഹമ്മദ് ജംഷിദാണ് രാജിവച്ചത്. ആരോപണം നിഷേധിച്ച ഇൻഡിഗോ, ഇത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് വിശദീകരിച്ചു.
ടൈ ധരിക്കാൻ മറന്നതിന് ആദ്യം മാപ്പുപറയാൻ ആവശ്യപ്പെട്ടെന്നും മാപ്പുപറഞ്ഞപ്പോൾ കാലുപിടിക്കാൻകൂടി ആവശ്യപ്പെട്ടെന്നുമാണ് ജംഷിദിന്റെ ആരോപണം. എത്തിക്സ് കമ്മിറ്റിക്കു പരാതി അയച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഇദ്ദേഹം പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചെന്നും ആരോപണങ്ങൾക്ക് ഒരു തെളിവും കണ്ടെത്തിയില്ലെന്നുമാണ് ഇൻഡിഗോയുടെ പ്രതികരണം.
രണ്ടര വർഷം മുൻപാണ് ജംഷീദ് വിമാനക്കമ്പനിയിൽ ജോലിക്കു കയറിയത്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ ജൂൺ 9ന് ആണ് ഇതുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഇൻസ്പെക്ഷനായി ടെർമിനലിലേക്ക് എത്തിയതായിരുന്നു ജംഷീദ്. ടെർമിനലിൽവച്ച് ടൈ എവിടെ എന്ന് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘‘ടൈ ധരിക്കാൻ മറന്നതിൽ ക്ഷമ ചോദിച്ചിട്ടും ടെർമിനൽ കൗണ്ടറുകളിലെ സൂപ്പർവൈസറെ വിളിച്ച് ടൈ ധരിക്കാത്ത എന്നെയെന്തിന് അകത്തു കയറ്റി എന്ന് ചോദിച്ചു. അവർ കണ്ടില്ലെന്നു മറുപടി പറഞ്ഞപ്പോൾ സഹപ്രവർത്തകയോടു മാപ്പ് പറയാൻ ആവശ്യപ്പെട്ടു. അവരോടു സോറി പറഞ്ഞതിനു ശേഷവും അതേ സഹപ്രവർത്തകയുടെ കാലുപിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്നു പറഞ്ഞപ്പോൾ എന്റെ ടെർമിനലിൽനിന്ന് ഇറങ്ങിപ്പോകൂ എന്നായിരുന്നു മേലുദ്യോഗസ്ഥന്റെ പ്രതികരണം.
അന്നത്തെ ഷിഫ്റ്റിനു ശേഷം ജൂൺ 14 വരെ അവധി ആഘോഷിക്കാനായി പോയി. അതിനോടകം കമ്പനിയിലാകെ ഈ സംംഭവം അറിഞ്ഞു. പോയി വന്ന ശേഷം രാജിക്കത്തും എത്തിക്സ് ഡിപ്പാർട്മെന്റിനു പരാതിയും അയച്ചു. മാനേജറെ ഇക്കാര്യം അറിയിച്ചപ്പോൾ സംസാരിച്ചു തീർക്കാമെന്നു പറഞ്ഞതിനാൽ എത്തിക്സ് കമ്മിറ്റിക്ക് അയച്ച മെയിൽ ഡിലീറ്റ് ചെയ്യുകയായിരുന്നു. 19ന് രാജിക്കത്തുമായി ബന്ധപ്പെട്ട് എച്ച്ആർ ഡിപ്പാർട്മെന്റിൽനിന്നു വിളിച്ചപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ 13ന് നോട്ടിസ് കാലാവധി കഴിഞ്ഞതോടെ ജോലിവിട്ടു. തുടർന്ന് 14ന് സമൂഹ മാധ്യമത്തിൽ സംഭവം വിവരിച്ചു വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ അനുരഞ്ജനത്തിനായി പലരും വിളിച്ചു’’– ജംഷീദ് പറഞ്ഞു.

