ചേരങ്കൈയിലും കാവുഗോളിയിലും രൂക്ഷമായ കടലേറ്റം; റോഡും തെങ്ങുകളും നശിച്ചു, രണ്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

മൊഗ്രാൽപുത്തൂർ : രൂക്ഷമായ കടലേറ്റത്തെത്തുടർന്ന് റോഡും തെങ്ങുകളും നശിച്ചു. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിധിയിലെ ചേരങ്കൈ, കാവുഗോളി തീരദേശമേഖലകളിലാണ് കടലേറ്റം നാശം വിതച്ചത്. തീരദേശറോഡും 20-ലധികം തെങ്ങുകളും നശിച്ചു. കടലേറ്റഭീഷണിയെത്തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ സമീപത്തെ തീരദേശറോഡിന്റെ ഒട്ടേറെ ഭാഗം കടലെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്യുന്ന മഴയെത്തുടർന്ന് മേഖലയിൽ കടലേറ്റം രൂക്ഷമായിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപുണ്ടായ കടലേറ്റത്തിൽ വീടുകളും തെങ്ങുകളും നഷ്ടപ്പെട്ടിരുന്നു. കടലേറ്റം തടയുന്നതിനുവേണ്ടി കടൽഭിത്തി നിർമാണത്തിനായി കരിങ്കല്ലുകൾ ഇറക്കിയിരുന്നുവെങ്കിലും കടലെടുക്കുകയായിരുന്നു. നിരവധി സഞ്ചാരികളെത്തുന്നയിടംകൂടിയാണിത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
കടലേറ്റത്തെത്തുടർന്ന് നെല്ലിക്കുന്ന്-കവുഗോളി കടപ്പുറം റോഡിന്റെ ഒരുഭാഗം തകർന്ന സാഹചര്യത്തിൽ, നാശം നേരിൽ വിലയിരുത്തുന്നതിനായി മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ളക്കുഞ്ഞിയുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ വൈസ് പ്രസിഡന്റ് അർഫാനാ നജീബ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഫൗസിയാ സൈനുദ്ധീൻ, പഞ്ചായത്ത് അംഗങ്ങളായ മല്ലിക, പ്രമീളാ മജൽ, ശ്രീവിദ്യ, അമീർ മഠം, ധർമപാൽ, പഞ്ചായത്ത് സെക്രട്ടറി മനുപ്രസാദ് എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
യാത്രാദുരിതം വിലയിരുത്തിയ സംഘം, അടിയന്തരസംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി ആവശ്യമായ ഇടപെടലുകൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

