KSDLIVENEWS

Real news for everyone

യുദ്ധം അമേരിക്കയെ വെട്ടിലാക്കിയെന്ന് ഇറാന്‍: നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ്; കൂടിക്കാഴ്ചക്കായി നെതന്യാഹു

SHARE THIS ON

വാഷിംഗ്ടൺ: ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, കൂടുതൽ നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് തങ്ങൾ തയാറല്ലെന്ന സൂചനയും അദ്ദേഹം നൽകി. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടികളിലേക്ക് വീണ്ടും കടക്കുമെന്നും മിഷിഗണിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ട്രംപ് മുന്നറിയിപ്പ് നൽകി.

“ഇറാനുമായി ഞങ്ങൾ ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്, ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്” ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്ക പ്രതിസന്ധിയിലാണെന്നും സൈനിക യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി കാണാതെ പാടുപെടുകയാണെന്നുമാണ് ഇറാന്റെ നിലപാട്. തങ്ങൾ ചർച്ചകൾക്ക് യാചിച്ചിട്ടില്ലെന്നും സമാധാന ചർച്ചകൾ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അമേരിക്കയുടെ വ്യാജ അവകാശങ്ങളുടെ ഭാഗമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അഞ്ച് മാസത്തെ യുദ്ധം അമേരിക്കയെ ശരിക്കും വെട്ടിലാക്കിയെന്നാണ് ഇറാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ അനുരഞ്ജന ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിലെ പിരിമുറുക്കത്തിന് പൂർണ്ണമായ അയവുവന്നിട്ടില്ല. ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നീക്കങ്ങളിലേക്ക് കാര്യങ്ങൾ കടക്കുമെന്ന സൂചനയാണ് ഇരുഭാഗത്തുനിന്നും പുറത്തുവരുന്നത്. അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലെ നിർണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട് വൈറ്റ് ഹൗസിൽ നടക്കുന്നുണ്ട്.

യു.എസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ്, ട്രംപുമായുള്ള ചർച്ചകളിൽ ഇറാൻ ഉയർത്തുന്ന ഭീഷണികൾ നേരിടുന്നതിനായിരിക്കും താൻ മുൻഗണന നൽകുകയെന്ന് നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷ അന്തരീക്ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം. ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം ഇരുനേതാക്കളും തമ്മിൽ നടക്കുന്ന എട്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!