നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ ഇ.വി.എം ഹാക്കിംഗ് തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിവേദനം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ ഇ വി എം ഹാക്കിംഗിന് ബി ജെ പി പദ്ധതിയിട്ടതായും ഇത് തടയാന്‍ തന്റെ പക്കല്‍ മറുസാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞ് ചില യു ഡി എഫ് സ്ഥാനാര്‍ഥികളില്‍ നിന്ന് കാസര്‍കോട്ടെ കോണ്‍ഗ്രസ്സ് നേതാവ് പണം പിരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ നിവേദനം.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിനിടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പരാതി നല്‍കിയത്. പരാതി പിന്നീട് മന്ത്രി ജില്ലാ പോലീസ് മേധാവി പി നിധിന്‍ രാജിന് കൈമാറി.
ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ വിഷയം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയുടെ ഒപ്പമിരുന്ന ഉണ്ണിത്താന്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറിയത്. എല്ലാവരുടെയും സാന്നിധ്യത്തിലാണ് പരാതി സമര്‍പ്പിക്കുന്നതെന്നും വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
ഇ വി എം തിരിമറി ആരോപണം അടിസ്ഥാനരഹിതമാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് തെറ്റായവിവരം നല്‍കിയവര്‍ ശിക്ഷിക്കപ്പെടണമെന്നും മറിച്ചാണെങ്കില്‍ അത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇ വി എം ക്രമക്കേടുകള്‍ക്കെതിരെ പോരാടുമ്പോള്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമുള്ളതാണെന്നും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമായിക്കണ്ട് തള്ളിക്കളയാനാകില്ലെന്നും തെറ്റ് ചെയ്തയാള്‍ ആരായാലും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
പരാതി ലഭിച്ച സാഹചര്യത്തില്‍ വിഷയം അന്വേഷിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. അതേസമയം, വിഷയം ജില്ലാ യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്ന വാര്‍ത്തകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. യോഗത്തില്‍ അത്തരമൊരു വിഷയം ചര്‍ച്ചയായിട്ടില്ലെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘ആരോ എവിടെയോ എന്തോ പറഞ്ഞിട്ടുണ്ടാകാം, എന്നാല്‍ കമ്മിറ്റിയില്‍ ഇത് ചര്‍ച്ചയായിട്ടില്ല. അത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല’ ചെന്നിത്തല വ്യക്തമാക്കി. കാസര്‍കോട്ടെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും വഖ്ഫ് ബോര്‍ഡ് മുന്‍ സി ഇ ഒയുമായ അഡ്വ. ബി എം ജമാലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തില്‍ ജമാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിക്കും കെ പി സി സി പ്രസിഡന്റിനും പരാതി നല്‍കിയതായുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ഉദുമ മണ്ഡലത്തിലെ യു ഡി എഫ് ചീഫ് ഇലക്ഷന്‍ ഏജന്റായ അഡ്വ. ബി എം ജമാല്‍ 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം.

