KSDLIVENEWS

Real news for everyone

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്ക് ഉപയോഗിക്കാം; പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

SHARE THIS ON

ന്യൂഡൽഹി: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജന്തർ മന്തറിൽ ജൂലൈ 20ന് സിജെപി നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനു നേരെ റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. അതേസമയം ജന്തർ മന്തറിൽ വിന്യസിച്ചിരിക്കുന്ന ആർ‌എ‌എഫ് പ്രതിഷേധം നിയന്ത്രിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ ഫയൽ സൂക്ഷിക്കാനും കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.

അതിശക്തമായ സാഹചര്യങ്ങളി ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ച് അക്രമം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാനാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനാൽ പരുക്കേറ്റെന്ന് ആരോപിക്കുന്ന പ്രതിഷേധക്കാർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാരിനോട് നിർദേശിച്ചു.

പെല്ലറ്റ് തോക്കുകളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐപിഎസ് ഓഫിസർ യശോവർധൻ ആസാദാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിൽ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് സി‌ആർ‌പി‌എഫ് വ്യക്തമാക്കി. ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് നിർദേശിച്ചിരുന്നു.

പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് സിആർപിഎഫിന്റെ കലാപ നിയന്ത്രണ യൂണിറ്റായ ആർഎഎഫ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വിവാദം പാർലമെന്റിന് അകത്തും പുറത്തും ചർച്ചയാകുമ്പോഴാണ് സിആർപിഎഫ് മേധാവിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ സിആർഎഫിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

error: Content is protected !!