ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ: 73,341 മരണം; വെടിനിര്‍ത്തലിന് ശേഷം കൊല്ലപ്പെട്ടത് 1,214 പേര്‍

ഗസ്സ: ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 73,341 പേര്‍. ആയിരക്കണക്കിന് ആളുകളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. ഗസ്സയിലെ 33 പേരില്‍ ഒരാള്‍ വീതം ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ 174,086 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ 14 പേരെയെടുത്താല്‍ അതില്‍ ഒരാള്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ 2026 ജൂലൈ 30 വരെയുള്ള കണക്കുകളാണിത്. അതേസമയം 2025 ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 1,214 പേര്‍ കൊല്ലപ്പെടുകയും 3,977 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
യുദ്ധകാലയളവില്‍ ഗസ്സയില്‍ മാത്രമായി 21,000 അധികം കുട്ടികളാണ് മരിച്ചത്. 44,000ത്തിലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയ്ക്ക് പുറമെ വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണങ്ങളില്‍ 1,112 പേരാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 246 കുട്ടികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ആറ് രാജ്യങ്ങളിലായി 4,000ത്തിലധികം കുട്ടികള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 2,500 പേര്‍ ഇറാനിലാണ്. 2,500ല്‍ 386 കുട്ടികള്‍ കൊല്ലപ്പെടുകയും 2,117 പേര്‍ക്ക് പരിക്കേറ്റുവെന്നും യുഎന്‍ആര്‍ഡബ്ല്യൂഎ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗസ്സയില്‍ ഇപ്പോഴും ഇസ്രായേല്‍ വെടിവെപ്പും വ്യോമാക്രമണങ്ങളും തുടരുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യൂഎ പറഞ്ഞു.
ഗസ്സയിലെ നിരായുധീകരണവും ഇസ്രായേല്‍ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങലും സംബന്ധിച്ച് ഹമാസും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ബോര്‍ഡും ധാരണയിലെത്തിയതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇസ്രായേല്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടതായാണ് നിരീക്ഷണം. എന്നാല്‍ ഗസ്സയിലെ ഭരണമൊഴിഞ്ഞ് ഹമാസ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തു. നിലവില്‍ ഖത്തര്‍ അടക്കമുള്ള മധ്യസ്ഥ രാജ്യങ്ങള്‍ ഗസ്സയിലെ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്.

