KSDLIVENEWS

Real news for everyone

കേരളത്തിന് എയിംസ് ലഭിച്ചാൽ കാസർകോടിന് മു‍ൻഗണന നൽകണം: ദയാബായി

SHARE THIS ON

കാസർകോട് / തിരുവനന്തപുരം: കേരളത്തിന് എയിംസ് ലഭിക്കുകയാണെങ്കിൽ കാസർകോടിന് മു‍ൻഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് ആശ്രയ കേന്ദ്രമായി എയിംസ് സ്ഥാപിക്കാൻ ഇടപെടണമെന്ന് ദയാബായി മുഖ്യമന്ത്രി വി.ഡ‍ി.സതീശനോട് ആവശ്യപ്പെട്ടു. നിലവിൽ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മംഗളൂരുവിലെ ആശുപത്രികൾ ദുരന്തബാധിതരെ ചൂഷണം ചെയ്യുകയാണെന്നും അവർ പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി ആരംഭിച്ച ദയാബായി ഫൗണ്ടേഷന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ദയാബായി മുഖ്യമന്ത്രിക്കു മുന്നിൽ ആവശ്യമുന്നയിച്ചത്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം വഴിയിൽ ഉപേക്ഷിച്ച് മറ്റുള്ളവർ‌ക്കുവേണ്ടി ഇറങ്ങിത്തിരിച്ച പോരാളിയാണ് ദയാബായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങളെല്ലാം സർക്കാർ പാലിക്കും. ഒരു കുട്ടിപോലും ചികിത്സകിട്ടാതെ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകില്ല. ദയാബായി ഫൗണ്ടേഷന് കേരളത്തിൽ എവിടെ വേണമെങ്കിലും ഓഫിസ് തുറക്കാൻ സഹായം നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ദയാബായിയുടെ ജീവിതം ആസ്പദമാക്കി ശ്രീവരുൺ ഒരുക്കിയ ഫീച്ചർ ഫിലിം ശ്രീ തിയറ്ററിൽ നടന്ന ചടങ്ങിൽ പ്രദർശിപ്പിച്ചു. ദയാബായി ഫൗണ്ടേഷന്റെ ലോഗോ മന്ത്രി അനൂപ് ജേക്കബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

error: Content is protected !!