ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ പിന്തുണയ്ക്കുന്നതിൽനിന്ന് വിട്ടുനിന്ന് ട്രംപ്

വാഷിങ്ടൺ: ഇസ്രയേലിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നെതന്യാഹുവിന് പരസ്യമായ പിന്തുണ നൽകുന്നതിൽനിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിൽക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുകയാണ്. നേരത്തെ നെതന്യാഹുവിന് വേണ്ടി വാദിച്ചിരുന്ന ട്രംപ് ഇപ്പോൾ അത്തരത്തിൽ പരസ്യമായ പിന്തുണ നൽകുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.
ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് ഇതിന് കാരണമെന്നാണ് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹുവിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ കഴിഞ്ഞ ആഴ്ചകളിൽ ട്രംപിനോട് നാല് തവണ ചോദിച്ചിരുന്നു. ഓരോ തവണയും അദ്ദേഹം അത് വ്യക്തമാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
രണ്ടാഴ്ച മുമ്പ് ഓവൽ ഓഫീസിൽവെച്ച് ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ, ട്രംപ് ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സാധ്യതകളെ കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയോട് ആരാഞ്ഞിരുന്നു. ഈ ഘട്ടത്തിൽ മറുപടി പറയാൻ നെതന്യാഹു മടിച്ചുനിന്നു എന്നാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് – ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
നെതന്യാഹു മടിച്ചുനിന്നെങ്കിലും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിലൊരാൾ ട്രംപിന് നൽകിയ മറുപടി, ‘മിസ്റ്റർ പ്രസിഡന്റ്, അദ്ദേഹം വിജയിച്ചുകൊണ്ടിരിക്കുകയാണ്’ എന്നാണ്. അതേസമയം നെതന്യാഹുവിന്റെ പാർട്ടി പരാജയപ്പെടുമെന്നാണ് ഇസ്രയേലിലെ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
നെതന്യാഹുവിന്റെ ഇപ്പോഴത്തെ സഖ്യത്തിന് 49 മുതൽ 53 വരെ സീറ്റുകളാണ് സർവേകൾ പ്രവചിക്കുന്നത്. നിലവിൽ 68 സീറ്റുകളുടെ പിന്തുണയിലാണ് നെതന്യാഹു ഭരിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. അതേസമയം ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികൾക്ക് 67 മുതൽ 70 വരെ സീറ്റുകളാണ് സർവേകൾ പ്രവചിച്ചിട്ടുള്ളത്.
നെതന്യാഹുവിന്റെ പ്രധാന എതിരാളിയും മുൻ ഇസ്രയേൽ പ്രതിരോധ സേനാ (IDF) മേധാവിയുമായ ഗാഡി ഐസൻകോട്ടിനാണ് നെതന്യാഹുവിനെക്കാൾ ജനപ്രീതിയെന്നാണ് സർവേകൾ പറയുന്നത്.
കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും അറബ്-ഇസ്രയേലി പാർട്ടികളുടെ പിന്തുണയില്ലാതെ എതിരാളികൾ സർക്കാർ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാൻ ആവശ്യമായ വോട്ടുകൾ ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ശ്രമം. ആ ശ്രമം വിജയിച്ചാൽ ഇരുപക്ഷത്തിനും സർക്കാർ രൂപീകരിക്കാൻ കഴിയാതെ വരും.
അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ മാസങ്ങളോളം നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരാനും കഴിയും. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത കൂടുതലാണെന്നും ആക്സിയോസ് പറയുന്നു.
അതേസമയം ട്രംപ് നെതന്യാഹുവിനെ പിന്തുണയ്ക്കാത്തതിന് പിന്നിൽ ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം സമീപകാലത്തുണ്ടായ ചില അഭിപ്രായ ഭിന്നതകൾക്കും കാരണമായിട്ടുണ്ട്. ഇറാൻ യുദ്ധത്തിന്റെ തുടക്ക സമയത്ത് നെതന്യാഹുവിന് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേലിൽ അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ട്രംപ് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. യുദ്ധം അന്ത്യമില്ലാതെ മുന്നോട്ട് പോയതോടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും വിദേശനയ ലക്ഷ്യങ്ങളും അവരുടെ ആഭ്യന്തര രാഷ്ട്രീയ താൽപ്പര്യങ്ങളും വ്യതിചലിക്കാൻ തുടങ്ങി.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇരുവർക്കുമിടയിൽ അകലം വർദ്ധിച്ചുവന്നതായും യുഎസ് മാധ്യമങ്ങൾ അടിവരയിടുന്നു. ഇറാൻ യുദ്ധത്തിന്റെ കാര്യത്തിൽമാത്രമല്ല ലെബനനിലും ഗാസയിലും ഈ ഭിന്നത പരസ്യമാകുകയും ചെയ്തു.
വ്യക്തിപരമായി ട്രംപ് നെതന്യാഹുവിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളിലും നയങ്ങളിലും അദ്ദേഹം നിരാശനാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഗാസ ബോർഡ് ഓഫ് പീസ് പദ്ധതിയോട് നെതന്യാഹു പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതാണ് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയ ഏറ്റവും പുതിയ സംഭവം.
എന്നാൽ ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് നെതന്യാഹുവിന് ഇങ്ങനെയൊരു പരസ്യ പ്രതികരണം നടത്തേണ്ടി വന്നതെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്. ഇതിനിടെ ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ട്രംപിനോട് നിഷ്പക്ഷത പാലിക്കാൻ പ്രേരിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ സഹായികൾ വഴി രഹസ്യ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
ഇസ്രയേലിൽ അടുത്തിടെ ട്രംപിന്റെ ജനപ്രീതിക്കുണ്ടായ ഇടിവും പരസ്യപിന്തുണയിൽനിന്ന് അദ്ദേഹത്തെ പിൻമാറ്റുന്നതിന് കാരണമായിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇറാനുമായി ഒപ്പിട്ട കരാറിനും കരാർ ലംഘിക്കപ്പെട്ടതിന് ശേഷം യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിനും ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായി എന്നാണ് പല സർവേകളും സൂചിപ്പിക്കുന്നത്. ഇറാൻ, ഗാസ, സിറിയ, ലെബനൻ എന്നിവിടങ്ങളിലെ ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇസ്രയേലികൾ അസംതൃപ്തരാണ്.

