KSDLIVENEWS

Real news for everyone

വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം: സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറി നാല് മാസങ്ങള്‍ പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരുന്നില്ല.

നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസം പൂർത്തിയാകുമ്പോഴേക്കും ഈ വർഷം ആകെ കടമെടുക്കാവുന്ന പരിധിയുടെ പകുതിയോളം തുക സർക്കാർ കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഈ കാലയളവില്‍ മാത്രം കടമായി സ്വീകരിച്ചത്. എന്നാല്‍, മുൻ വർഷത്തെ അപേക്ഷിച്ച്‌ മൂലധന ചെലവ് ഉയർന്നത് സർക്കാരിന് ആശ്വാസമേകുന്ന ഘടകമാണ്.

വരുമാനത്തില്‍ വർദ്ധനവുണ്ടായെങ്കിലും അതിലും വേഗത്തിലാണ് ചെലവുകള്‍ ഉയരുന്നത്. ദീർഘകാല അടിസ്ഥാനത്തിലുള്ള ആസ്തികള്‍ സൃഷ്ടിക്കാൻ ഉപയോഗിക്കേണ്ട കടമെടുക്കുന്ന തുക, മുൻപത്തെപ്പോലെ നിത്യനിദാന ചെലവുകള്‍ ഒപ്പിക്കാനാണ് പ്രധാനമായും വിനിയോഗിക്കുന്നത്. റവന്യൂ ചെലവുകളില്‍ പലിശ തിരിച്ചടവിനായി മാറ്റിവെച്ച തുക മുൻ വർഷത്തിന് സമാനമായി തുടരുന്നു. എന്നാല്‍ ജീവനക്കാരുടെ ശമ്പള ചെലവില്‍ 2,648 കോടി രൂപയുടെ വർദ്ധനവുണ്ടായി. പെൻഷൻ ചെലവുകള്‍ രണ്ടായിരം കോടിയോളമാണ് ഉയർന്നത്. റവന്യൂ ചെലവുകളിലെ ഈ കുതിച്ചുചാട്ടം കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മിയും കടവും ബജറ്റില്‍ കണക്കുകൂട്ടിയതിന്റെ പകുതിയോളം ആദ്യ നാലു മാസങ്ങളില്‍ തന്നെ എത്തിനില്‍ക്കുകയാണ്.

ഈ സാമ്പത്തിക വർഷം ആകെ 56,413.06 കോടി രൂപ കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ 46.91 ശതമാനം തുകയും ആദ്യ 4 മാസത്തിനുള്ളില്‍ എടുത്തു. കഴിഞ്ഞ വർഷം ആദ്യ നാലു മാസത്തെ കടമെടുപ്പ് 47.08 ശതമാനമായിരുന്നു. അതായത് ഭരണം മാറിയെങ്കിലും കടമെടുക്കുന്ന തോതില്‍ കാര്യമായ മാറ്റമൊന്നുമില്ല. ഈ വർഷം ഇതുവരെ എടുത്ത ആകെ കടത്തില്‍ 11,503.47 കോടി രൂപ ഏപ്രില്‍ മാസത്തില്‍ മുൻ സർക്കാരിന്റെ കാലത്താണ് എടുത്തത്. ബാക്കിയുള്ള 14,958.28 കോടി രൂപ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ മെയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിലായാണ്.

ആദ്യ നാലു മാസത്തില്‍ മൂലധന ചെലവ് മുൻ വർഷത്തേക്കാള്‍ 3,411.62 കോടി രൂപ വർദ്ധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. ആകെ 8,336.73 കോടി രൂപയാണ് ഈ കാലയളവില്‍ മൂലധന ചെലവായി രേഖപ്പെടുത്തിയത് (42.29 ശതമാനം). ഇതില്‍ 4,335.53 കോടി രൂപ ഏപ്രില്‍ മാസത്തിലും, ബാക്കി 4,001.20 കോടി രൂപ തൊട്ടടുത്ത മൂന്ന് മാസങ്ങളിലുമാണ് ചെലവഴിച്ചത്. എന്നാല്‍ ജൂലൈ മാസത്തിലെ മൂലധന ചെലവില്‍ മുൻ വർഷത്തെ അപേക്ഷിച്ച്‌ 260 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!