KSDLIVENEWS

Real news for everyone

ഓട്ടോറിക്ഷയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

SHARE THIS ON

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വാഹനത്തിന്റെ രൂപമാറ്റം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടും ഡ്രൈവർ അത് ചെയ്യാത്തതുകൊണ്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകളൊന്നുമില്ലെന്നുമാണ് ഗതാഗത മന്ത്രി സി.പി. ജോണിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഒരിക്കൽ ഫിറ്റ്നസ് നിഷേധിച്ചതിന് ശേഷം പിന്നീട് ഒരിക്കൽപോലും അപേക്ഷകൻ വാഹനവുമായി ഓഫീസിലേക്ക് വന്നിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് വിശദമായി പിന്നീട് അന്വേഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൈക്കൂലി നൽകാത്തതുകൊണ്ട് ഏജന്റില്ലാതെ നേരിട്ട് അപേക്ഷിച്ചപ്പോൾ തനിക്ക് മനഃപൂർവം ഫിറ്റ്നസ് നിഷേധിച്ചുവെന്ന് മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്‌ബുക്കിൽ ആരോപണം ഉന്നയിച്ച ശേഷമാണ് മുണ്ടംപറമ്പ് സ്വദേശിയായ ഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ വാഹനത്തിലെ സ്റ്റീൽ വർക്കുകൾ നിയമവിരുദ്ധമല്ലെന്ന് മുൻപ് രണ്ടുതവണ ഇതേ ഉദ്യോഗസ്ഥർ തന്നെ സർട്ടിഫൈ ചെയ്തതാണെന്നും ഏജന്റ് സംവിധാനമില്ലാതെ സ്വന്തം നിലയിൽ എത്തിയപ്പോഴാണ് തഴയപ്പെട്ടതെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി.

സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രതികരിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് സാധാരണക്കാരായ തൊഴിലാളികളെ ദ്രോഹിക്കുന്ന യാതൊരു സമീപനവും ഉണ്ടാകില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കൂടാതെ, വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥയായ ടി.വി. അനുപമയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!