സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടോ: ഇന്റര്‍പോളിന് കത്ത് നല്കാന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. വിവരങ്ങള്‍ തേടി ഇന്റര്‍പോളിന് കത്ത് നല്‍കും. പുറത്തുവന്ന ചിത്രത്തില്‍ കാണുന്ന വ്യക്തി 1984ല്‍ കൊലപാതകം നടത്തി കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന് വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ വ്യക്തികളില്‍ നിന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയവരുമായി ക്രൈംബ്രാഞ്ച് സംഘം ഫോണിലൂടെ സംസാരിച്ചു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ രേഖകളിലും വിശദമായ പരിശോധന നടത്തുകയാണ്. ബ്രൂണെയിലുള്ളത് സുകുമാരക്കുറുപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ ക്രൈംബ്രാഞ്ച് സംഘം തുടര്‍നടപടികളിലേക്ക് കടക്കും.
കടുത്ത ഹൃദ്രോഗിയായ കുറുപ്പിന് ഇപ്പോൾ 80 വയസ്സോളമായിട്ടുണ്ടാകാമെന്നും ഇയാൾ മരണപ്പെട്ടിരിക്കാമെന്നുമുള്ള നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതിനിടെയാണ് ഇയാള്‍ ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നതായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ടയര്‍ഡ് എസ്.ഐ അലി അക്ബര്‍ പ്രതികരിച്ചു. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും കുറുപ്പ് ബ്രൂണെയില്‍ ഉള്ളതായി വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അലി അക്ബര്‍ വ്യക്തമാക്കി. ജോണ്‍ മേനോന് എന്ന പേരില്‍ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരനായാണ് കുറുപ്പ് വിദേശത്ത് കഴിയുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും രേഖകളും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും വാർത്തകളും പുറത്തുവരുന്നത്.
അതേസമയം സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കാര്യങ്ങളില്‍ സ്ഥിരീകരണമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസാണിത്. വിഷയത്തിലെ നിജസ്ഥിതി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി വെങ്കടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

