ഇവരെന്നെ കൊല്ലും, ഈ ഹോസ്പിറ്റലിൽ നിന്ന് എന്നെ മാറ്റൂ; പ്രസവത്തിന് മുമ്പ് സഹായത്തിന് യാചിച്ച് യുവതി; പിന്നീട് അമ്മയും കുഞ്ഞും പ്രസവാനന്തരം മരണപ്പെട്ടു

ഭോപ്പാൽ: പ്രസവമുറിയിലേക്ക് കയറാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.. ഡോക്ടർമാരും നഴ്സുമാരുമെല്ലാം അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ അതിനെല്ലാം മീതേ ഉയർന്നുകേട്ടത് അവളുടെ നിലവിളിയാണ്, യാചനയാണ്.. ‘എന്നെ രക്ഷിക്കൂ, അല്ലെങ്കിൽ ഇവരെന്നെ കൊല്ലും.’ വല്ലാതെ അസ്വസ്ഥതയുളവാക്കുന്ന ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതിൽ പ്രചരിക്കുന്നുണ്ട് ഇപ്പോൾ, ഒപ്പം – ‘അമ്മയും നവജാതശിശുവും മരിച്ചു’ എന്ന കുറിപ്പും.
അതേ, സഹായത്തിനുവേണ്ടി വലിയവായിൽ നിലവിളിച്ച ആ യുവതിയും അവൾ പ്രസവിച്ച കുഞ്ഞും മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ റേവ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഹത്വ ഗ്രാമവാസിയായ കൽപന മിശ്ര എന്ന 25-കാരിയും അവളുടെ നവജാതശിശുവുമാണ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചത്.
ഓഗസ്റ്റ് 26-നാണ് കൽപനയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8:30 ഓടെ സിസേറിയന് വിധേയയാക്കിയെങ്കിലും അന്നുരാത്രി 11:55-ഓടെ കൽപനയും കുഞ്ഞും മരണത്തിന് കീഴടങ്ങി. പ്രസവത്തിന് മണിക്കൂറുകൾക്ക് മുൻപ്, തങ്ങളെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൽപന കുടുംബത്തോട് യാചിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കൽപനയെ പ്രസവമുറിയിലേക്ക് കയറ്റുന്നതിന് ശ്രമിക്കുന്ന നഴ്സുമാരെയും ഡോക്ടർമാരെയുമാണ് വീഡിയോയിൽ കാണാനാവുക. ഇവരുടെ പിടിവിടുവിച്ച് പുറത്തേക്ക് നടക്കുന്ന കൽപനയേയും പുറത്തെത്തിയ അവർ ബന്ധുക്കളോടും മറ്റും സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ആശുപത്രിയിലെ ചികിത്സ തുടരുന്നതിലുള്ള ഭയമാണ് അവൾ വലിയവായിൽ പറഞ്ഞുകൊണ്ടിരുന്നത്.
മരണത്തിന് തൊട്ടുമുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, ‘ഇത്തരത്തിലുള്ള ചികിത്സയാണ് തുടരുന്നതെങ്കിൽ, ഇവർ എന്നെ കൊലപ്പെടുത്തും’ എന്ന് കൽപന അമ്മയോട് പറയുന്നത് കേൾക്കാം. ‘ഞാൻ രക്ഷപ്പെടില്ല. ദയവായി എന്നെ രക്ഷിക്കൂ, എന്റെ ജീവൻ അപകടത്തിലാണ്.’ അവൾ വീണ്ടും അപേക്ഷിച്ചു. എന്നാൽ ബന്ധുക്കൾ അവളെ ആശ്വസിപ്പിച്ച് വീണ്ടും ഉള്ളിലേക്ക് കടത്തിവിടുന്നതാണ് വീഡിയോയിൽ കാണാനാവുക.
മെഡിക്കൽ രേഖകൾ പ്രകാരം, കൽപനയ്ക്ക് പ്ലേറ്റലെറ്റ് കൗണ്ട് മൈക്രോലിറ്ററിന് 30,000 മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ കടുത്ത രക്തസമ്മർദവും കരൾ എൻസൈമുകളുടെ അളവ് വർധിച്ച നിലയിലുമായിരുന്നു. സങ്കീർണവും ഗുരുതരവുമായ ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭാവസ്ഥയാണെന്ന് ഡോക്ടർമാർ രോഗനിർണയം നടത്തിയിരുന്നതായും പിന്നീടാണ് ചികിത്സ ആരംഭിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു.
എന്നാൽ, ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയും മോശം പെരുമാറ്റവും ഉണ്ടായതായി കുടുംബം ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആരോപണങ്ങളെത്തുടർന്ന് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ല വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തെ തുടർന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ സോണൽ അഗർവാൾ, അനസ്തെറ്റിസ്റ്റ് ഡോ. നിധി പാണ്ഡെ എന്നിവരെ സസ്പെൻഡ് ചെയ്തു. കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതിയിൽ രണ്ട് നഴ്സുമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രസവത്തെ തുടർന്നുണ്ടായ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും സംയുക്ത സംഘമാണ് കൽപനയുടെയും കുഞ്ഞിന്റെയും പോസ്റ്റ്മോർട്ടം നടത്തിയത്.
‘വളരെ സങ്കടകരവും നിർഭാഗ്യകരവുമായ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്, ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും അനസ്തെറ്റിസ്റ്റിനെയും സസ്പെൻഡ് ചെയ്യുകയും അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭോപ്പാലിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഈ പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; അന്വേഷണ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, വസ്തുതകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയും ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.’ ശുക്ല പറഞ്ഞു.

