ഒറ്റ ഗോളിൽ ഇതിഹാസ നേട്ടം: അൽ നസറിനൊപ്പം ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

സൗദി പ്രൊ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ. അൽ താവൂൺ എഫ്.സിയെ തകർത്താണ് അൽ നസർ സീസണിലെ തങ്ങളുടെ തുടർച്ചയായ നാലാം വിജയം കൈപ്പിടിയിലാക്കിയത്. റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദി വമ്പന്മാരുടെ ജയം.
മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു അൽ നസറിന്റെ തിരിച്ചുവരവ്. മത്സരം തുടങ്ങി 11-ാം മിനിട്ടിൽ ബസ്സാം മുഹമ്മദ് അൽഹുറൈജിയുടെ ഗോളിലൂടെ അൽ താവൂൺ ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതിയിലെ ആഡ് ഓൺ ടൈമിൽ അൽ നസർ ഗോൾ തിരിച്ചടിച്ചു. സാമു കോസ്റ്റായാണ് ഗോൾ സ്കോറർ. ഒടുവിൽ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി തുല്യത പാലിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെയാണ് അൽ നസർ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 50-ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.

