കണ്ണൂർ-മൂന്നാർ കെഎസ്ആർടിസി ബസ് 3 യാത്രക്കാരുമായി ഓടിയത് 397 കിലോമീറ്റർ; വരുമാനം വെറും 355 രൂപ; അന്വേഷണം ആരംഭിച്ചു

മൂന്നാർ: കണ്ണൂരിൽനിന്നു മൂന്നാർ വരെ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു ലഭിച്ചത് 355 രൂപ വരുമാനം. 379 കിലോമീറ്റർ സർവീസിനിടയിൽ ബസിൽ കയറിയത് 3 യാത്രക്കാർ മാത്രം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു.
ഓണത്തോടനുബന്ധിച്ചു കണ്ണൂർ ജില്ലയിൽ ഓടുന്നതിനായി അധികൃതരുടെ നിർദേശപ്രകാരം മൂന്നാർ ഡിപ്പോയിൽനിന്ന് ഒരു ബസ് വിട്ടുനൽകിയിരുന്നു. സീസൺ അവസാനിച്ചതോടെ ബസ് മടക്കിക്കൊണ്ടുവരാനായി കഴിഞ്ഞ ദിവസം ഡിപ്പോയിൽനിന്നു കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉൾപ്പെടെ നൽകി പറഞ്ഞയച്ചിരുന്നു.
മൂന്നാർ ബോർഡ് വച്ച് യാത്രക്കാരെ കയറ്റി വരാനായിരുന്നു നിർദേശം. എന്നാൽ ഡിപ്പോയിലെത്തി പണവും മെഷീനും നൽകിയപ്പോഴാണു വരുമാനം 355 രൂപ മാത്രമാണെന്നു കണ്ടെത്തിയത്.

