കാലത്തിനൊപ്പം നടന്ന, സിനിമയെ പുതുക്കിപ്പണിത മലയാളത്തിന്റെ ബിഗ് എം; മമ്മൂക്കയ്ക്ക് 75-ാം പിറന്നാൾ

മലയാളത്തിന്റെ എക്കാലത്തെയും മഹാഭാഗ്യങ്ങളിലൊന്നാണ് മമ്മൂട്ടി. ആ മനുഷ്യനിലെ നടനും താരവും നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന തലമുറകൾ ചേർത്തുവെച്ചാൽ കേരളത്തിന്റെ ബാല്യവും യൗവനവും വാർധക്യവുമായി. കാലത്തിന്റെ കള്ളിയിലോ, സിനിമകളുടെ എണ്ണത്തിലോ തളച്ചിടാനാവാത്ത മലയാളത്തിന്റെ മഹാനടന് ഇന്ന് 75-ാം പിറന്നാൾ. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ.
മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കൽപ്പങ്ങളുടെയും പൂർണതയാണ് മമ്മൂട്ടി. 1971-ലാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഹമ്മദ് കുട്ടി വെള്ളിത്തിരയിലെത്തുന്നത്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാളവും ഇന്ത്യൻ സിനിമയും സ്വന്തമാക്കി. പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും അവസാനവാക്കാക്കിയ പല തലമുറകൾ മമ്മൂട്ടിയെ തങ്ങളുടെ സ്വകാര്യഅഹങ്കാരമായി മനസ്സിൽ കൊണ്ടുനടക്കുന്നു. സമാന്തരസിനിമയിലും കച്ചവട സിനിമയിലും ഒരേ കാലത്ത് ഒരേപോലെ വെന്നിക്കൊടി നാട്ടിയവർ മമ്മൂട്ടിയെപ്പോലെ അധികമില്ല.
കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാർട്ടിലും എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. കുറച്ചുകാലം മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായി ജോലി നോക്കി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1998-ൽ പദ്മശ്രീ പുരസ്കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

