വർഗീയത പ്രചരിപ്പിച്ചവരുടെ മുഖംമൂടി തുറന്നുകാണിച്ചതിന് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല: നജീബ് കാന്തപുരം എംഎൽഎ

കോഴിക്കോട്: വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയും വർഗീയത പ്രചരിപ്പിക്കുന്നവരുടെ മുഖംമൂടി തുറന്നു കാണിക്കുകയും ചെയ്തതിന്റെ പേരിൽ ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് നജീബ് കാന്തപുരം എംഎൽഎ.
ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ബാസിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുന്നത്. വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വക്രീകരിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്നാണ് അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവായ ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

