മുതലാളിമാരുടെ സൗജന്യംപറ്റിയുള്ള യാത്ര ഭരണഘടനാവിരുദ്ധം; ആരുടെ സ്പോൺസർഷിപ്പെന്ന് വ്യക്തമാക്കണം- ഗോവിന്ദൻ

തിരുവനന്തപുരം: മുതലാളിമാരുടെ സൗജന്യത്തിൽ യാത്ര നടത്തുന്നത് തുടരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ആരാണ് വിമാനങ്ങൾ നൽകുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നില്ല, ഇത് ഒരു മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. സ്ഥിരമായി ഇത് തുടരുമെന്ന് പറയാൻ ഒരു മുഖ്യമന്ത്രിക്കും അധികാരമില്ല. അതിനെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെ സ്പോൺസർഷിപ്പിലാണ് മംഗലാപുരത്തേക്കും മലപ്പുറത്തേക്കും പോയതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാർ ഈ നിലപാട് സ്വീകരിച്ചാൽ ഉദ്യോഗസ്ഥരും ഇതു തന്നെയാണ് ആവർത്തിക്കുക. അങ്ങനെവന്നാൽ അഴിമതിക്കളമായി കേരളം മാറും. പേര് പറയുന്നതിൽ എന്താണ് പ്രശ്നം. അല്ലാതെ ഒളിച്ചുവെക്കേണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഡിഎംഎ കള്ളക്കടത്തുമായി ബന്ധപ്പെട്ടവർ പിടിക്കപ്പെട്ടപ്പോൾ അവർക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവർതന്നെ പറഞ്ഞു. പക്ഷെ, അന്വേഷണമില്ല, ചോദ്യം ചെയ്യുന്നില്ല, ഫോൺ പോലും പരിശോധിക്കുന്നില്ല. അതിൽ ദുരൂഹതയുണ്ടെന്നും ഗോവിന്ദൻ പ്രതികരിച്ചു.
ചാർട്ടേഡ് വിമാനത്തിൽ ദുരിതബാധിത മേഖല സന്ദർശിക്കാൻ യാത്രചെയ്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സർക്കാർപണം ചെലവാക്കിയല്ല താൻ യാത്ര ചെയ്തതെന്നും ഇനിയും യാത്രചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തനിവാരണത്തിൽ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താൻ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം യാത്രകൾക്ക് ചെലവാക്കാനുള്ളതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻമുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും സ്വകാര്യ വിമാനങ്ങളിൽ യാത്രചെയ്തിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

