വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും: ഇന്നും നാളെയും കാസര്‍കോട്ട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ഇന്ന് 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴമുന്നറിയിപ്പുള്ളത്. നാളെ കാസർകോടും കണ്ണൂരും മാത്രമാണ് മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്ത അതിതീവ്ര ന്യൂനമർദം ബുധനാഴ്ച രാത്രിയോടെയാണ് കരതൊട്ടത്. ഇന്നും നാളെയും മധ്യ- വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാസർകോട് ജില്ലയിൽ വ്യാഴാഴ്ച രാവിലെ 11 മണി മുതൽ പലേടത്തും ശക്തമായ മഴപെയ്യുകയാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

