ഗ്യാനേഷ് കുമാര്‍ ബിജെപി ഏജന്റ്; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് കെ. സി. വേണുഗോപാല്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപി ഏജന്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
ഗ്യാനേഷ് കുമാർ ഒരു ഉപകരണം മാത്രമാണ്. എസ്ഐആർ അധികാരത്തില്‍ തുടരാൻ കണ്ടെത്തിയ തന്ത്രമായിരുന്നു. എസ്ഐആർ നടത്തിയത് അമിത് ഷായുടെയും, മോദിയുടെയും നിർദേശം പ്രകാരമാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി വയ്ക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
വോട്ട് ചോരിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. സമാധാനപരമായി രാജ്യവ്യാപകമായി പ്രതിഷേധിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികള്‍ക്ക് ഒപ്പം ചേർന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ഇന്ത്യ സഖ്യ യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്ന് അദേഹം അറിയിച്ചു. എസ്ഐആറിലൂടെ വോട്ട് വെട്ടിയത് 13 കോടിയോളം പേരുടെയാണ്. ഇവരെ എല്ലാം സമീപിക്കാനാണ് തീരുമാനം. എസ്ഐആർ ഒരു തട്ടിപ്പ് നടപടിയായിരുന്നു. എസ്ഐആർ നടപടികള്‍ നിർത്തിവയ്ക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരാൻ മോദിക്ക് അർഹതയില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഏകാധിപതികള്‍ ജനവിശ്വാസം നഷ്ടപെടുമ്പോള്‍ പ്രയോഗിക്കുന്ന ആയുധങ്ങളാണിത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറിവില്ലാതെ ഗ്യാനേഷ് കുമാർ ഈ രീതിയില്‍ പ്രവർത്തിക്കില്ല. ക്യാബിനറ്റ് സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കത്ത് എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാന മന്ത്രിക്ക് ഇക്കാര്യം അറിയാം. വിഷയത്തില്‍ ഇടപെടാൻ ധാർമിക ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിൻ്റെ ഒറ്റക്കുള്ള പ്രതിഷേധങ്ങളും ഇന്ത്യ സഖ്യ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനാല്‍ നാളത്തെ ഇന്ത്യ യോഗ ശേഷം തുടർ സമര പരിപാടികള്‍ പ്രഖ്യാപിക്കും. നാളെ ഒരുമിച്ച് ഒറ്റകെട്ടായി തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. ഇംപീച്ച്മെൻ്റ് നടപടികളിലടക്കം നാളെ ചർച്ചയുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അഖിലേഷ് യാദവ് പ്രായോഗിക ബുദ്ധിമുട്ട് കാരണം നാളെ പങ്കെടുക്കില്ല. ഡിഎംകെ ഒപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

