KSDLIVENEWS

Real news for everyone

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹ്മാനും ആന്‍റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേർ ആദ്യഘട്ടത്തിൽ പ്രതികളാകും; കേസ് അഴിമതി നിരോധന നിയമപ്രകാരമാകും

SHARE THIS ON

തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കും. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി അബ്ദു റഹ്മാൻ, അബ്ദു റഹ്മാന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ ഫുട്ബോൾ താരം ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. നിലവിലുള്ള എഫ് ഐ ആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) വിലയിരുത്തൽ. കേസിലെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്റോ അഗസ്റ്റിനെതിരെ ചുമത്തുന്നത്. അതേസമയം സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജി സി ഡി എ (GCDA) എന്നീ സ്ഥാപനങ്ങൾക്കെതിരായ കുറ്റപത്രം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. നിലവിൽ കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തത വരാനുണ്ട്. ഇതിനായുള്ള നിയമോപദേശം തേടിയ ശേഷമായിരിക്കും എസ് ഐ ടി അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുക.

അന്വേഷണം അതിവേഗത്തിൽ
മെസ്സിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പിൽ എ ഡി ജി പി പി. വിജയന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. ആന്‍റോ അഗസ്റ്റിനും, റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവിൽ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ സ്പോണ്‍സറെ കണ്ടെത്തിയത് മുതൽ നടക്കാൻ സാധ്യതയില്ലാതെ മത്സരത്തിനായി വിദേശ യാത്ര ചെയ്ത് അധികാര ദുർവിനിയോഗം നടന്നുവെന്നടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. മുൻ കായികമന്ത്രി വി അബ്ദു റഹ്മാനും ഓഫീസും സെക്രട്ടറിയേറ്റ് ചട്ടങ്ങള്‍ മറികടന്ന് സ്പോണ്‍സർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങള്‍ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. അഴിമതി നിരോധന വകുപ്പ് ചുമത്തണമെന്ന് ശുപാർശയിൽ ഡി ജി പി പ്രത്യേക സംഘത്തെ വിളിച്ച് അന്വേഷണം വിലയിരുത്തി. കൂടുതൽ വകുപ്പ് ചുമത്താനാണ് യോഗം തീരുമാനം. വിജിലൻസ് പ്രത്യേക കേസെടുത്ത് അന്വേഷിക്കണോ, എസ് ഐ ടിക്ക് തുടരന്വേഷണം കൈമാറണോ എന്നതായിരുന്നു ഡി ജി പി മുന്നിലുള്ള കാര്യം. ഒടുവിൽ അഴിമതി നിരോധന വകുപ്പ് ചുമത്തി എസ് ഐ ടി അന്വേഷണം നടത്താനാണ് ഇന്നലെ ഡി ജി പി നൽകിയ ശുപാർശ. സർക്കാർ അനുമതി കിട്ടിയാൽ പുതിയവകുപ്പ് ചുമത്തി എസ് ഐ ടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും. അതിന് പിന്നാലെ മുൻ മന്ത്രി വി അബ്ദു റഹ്മാനടക്കമുള്ളവരെ കൂടി ആദ്യഘട്ടത്തിൽ തന്നെ പ്രതികളാക്കിയാകും അന്വേഷണം തുടരുകയെന്നാണ് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!