KSDLIVENEWS

Real news for everyone

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം എ യൂസഫലി

SHARE THIS ON

അബുദാബി: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്ഫോമായ ലവിന്‍ അബുദാബിയുടെ ഈ വര്‍ഷത്തെ ജനകീയ പുരസ്‌കാരങ്ങളില്‍ ഡോ. ഷംഷീര്‍ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകള്‍ക്കുള്ള ‘ചാരിറ്റബിള്‍ ആക്‌ട് ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനായ ഡോ. ഷംഷീര്‍ വയലില്‍ അര്‍ഹനായപ്പോള്‍, വാണിജ്യ രംഗത്തെ മികച്ച നേട്ടങ്ങള്‍ക്കുള്ള ‘ലവിന്‍ ബിസിനസ് വിഷനറി’ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്വന്തമാക്കി. പൂര്‍ണ്ണമായും ജനകീയ വോട്ടെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചത് പുരസ്‌കാരങ്ങളുടെ തിളക്കമേറ്റുന്നു.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലവിന്‍ കമ്മ്യൂണിറ്റിയുടെ ജനകീയ പുരസ്‌കാരം ഡോ. ഷംഷീര്‍ വയലിലിനെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ലവിന്‍ ദുബായ് അവാര്‍ഡ്‌സിലും അദ്ദേഹം ഇതേ വിഭാഗത്തില്‍ പുരസ്‌കാരം നേടിയിരുന്നു. ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കിയ ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ അടിയന്തര സഹായ പാക്കേജാണ് ഇത്തവണ ഡോ. ഷംഷീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്നു ഈ സഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് പുറമെ, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പൂര്‍ണ്ണ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിരുന്നു. സമൂഹത്തിലാകെ പ്രതീക്ഷയേകുന്ന മാനുഷിക ഇടപെടലാണ് ഡോ. ഷംഷീര്‍ നടത്തിയതെന്നാണ് ലവിന്‍ കമ്മ്യൂണിറ്റിയുടെ വിലയിരുത്തല്‍.

അബുദാബിയുടെ വാണിജ്യ മേഖലയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുകയും നഗരത്തിന്റെ ഭാവിയെ നിര്‍വചിക്കുന്ന ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കുകയും ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയതാണ് ലവിന്‍ ബിസിനസ് വിഷനറി പുരസ്‌കാരം. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ബിസിനസ് മികവിനുള്ള ജനകീയ അംഗീകാരമാണിത്. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ ലുലു ഗ്രൂപ്പിനെ ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമായി മാറ്റിയത് അദ്ദേഹത്തിന്റെ നേതൃമികവാണെന്ന് ലവിന്‍ പുരസ്‌കാരം വ്യക്തമാക്കുന്നു.

സമൂഹത്തിനായി നിസ്വാര്‍ത്ഥ ഇടപെടലുകള്‍ നടത്തുന്നവരെയും മികച്ച സംഭാവനകള്‍ നല്‍കുന്നവരെയും പൊതുജനങ്ങള്‍ക്ക് തന്നെ നേരിട്ട് നോമിനേറ്റ് ചെയ്യാനും വോട്ട് ചെയ്യാനും അവസരം നല്‍കിയാണ് ലവിന്‍ അബുദാബി പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത്. 10 കാറ്റഗറികളിലെ 50 നോമിനികളില്‍ നിന്നാണ് അന്തിമ വിജയികളിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!