KSDLIVENEWS

Real news for everyone

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം; തകർന്നത് 81 സൈനിക വിമാനങ്ങൾ, നഷ്ടം 330 കോടി ഡോളർ

SHARE THIS ON

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയത് 81 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) പുതിയ റിപ്പോർട്ട്. ഏകദേശം 330 കോടി ഡോളറിന്‍റെ (ഏകദേശം 31936 കോടി രൂപ) സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35 എ ലൈറ്റ്‌നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ്-15 ജെറ്റുകൾ, എംക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഓരോ എഫ്-15 ജെറ്റിനും മൂന്ന് കോടി ഡോളറിലേറെ മൂല്യമുണ്ട്. എംക്യു-9 റീപ്പർ ഡ്രോണുകളുടെ വില മൂന്ന് കോടി ഡോളറിനും അഞ്ച് കോടി ഡോളറിനും ഇടയിലാണ്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ്-35 എ-യ്ക്ക് 9 കോടി ഡോളർ വിലമതിപ്പുണ്ട്. മിഡിൽ ഈസ്റ്റിലെ ദൗത്യങ്ങൾക്കിടെ അമേരിക്കൻ സേനയ്ക്ക് 12 എഫ്-15 ഇ വിമാനങ്ങൾ, ഒരു എഫ്-35 എ ലൈറ്റ്‌നിംഗ് II ഫൈറ്റർ വിമാനം, രണ്ട് എ-10 തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ, ഏഴ് കെസി-135 സ്ട്രാറ്റോടാങ്കർ വ്യോമ ഇന്ധനം നിറയ്ക്കൽ വിമാനങ്ങൾ എന്നിവ നഷ്ടപ്പെട്ടു.

മാർച്ച് 2-ന് കുവൈറ്റിന് മുകളിൽ വെച്ച് സഖ്യസേനയുടെ അബദ്ധത്തിലുള്ള വെടിയേറ്റ് മൂന്ന് എഫ്-15 ജെറ്റുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഇറാനിൽ വെച്ച് മറ്റൊരു വിമാനവും ഇതുപോലെ വെടിവച്ചിട്ടു. സെപ്റ്റംബർ 9, 10 തീയതികളിൽ ജോർദാനിലെ എയർബേസിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് എട്ട് എഫ്-15 ഇ വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഏർലി വാർണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനം, രണ്ട് എംസി-130 ജെ കമാൻഡോ II സ്പെഷ്യൽ ഓപ്പറേഷൻസ് വിമാനങ്ങൾ, ഒരു എച്ച്എച്ച്-60 ഡബ്ല്യു ജോളി ഗ്രീൻ II കോംബാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്റർ, ഒരു എംക്യു-4 സി ട്രൈറ്റൺ ഡ്രോൺ, മൂന്ന് എംക്യു-1 മൾട്ടി-റോൾ ഡ്രോണുകൾ, 45 എംക്യു-9 റീപ്പർ മൾട്ടി-റോൾ ഡ്രോണുകൾ എന്നിവയും യുഎസ് സൈന്യത്തിന് നഷ്ടപ്പെട്ടു. ഒരു എഎച്ച്-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ, നാല് എഎച്ച്-6 ലിറ്റിൽ ബേർഡ് ലൈറ്റ് അറ്റാക്ക് ഹെലികോപ്റ്ററുകൾ, ഒരു എംഎച്ച്-60 സീ ഹോക്ക് മാരിടൈം ഹെലികോപ്റ്റർ എന്നിവയും യുഎസിന് നഷ്ടപ്പെട്ടു.

ചില വിവരങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുന്നതിനാലും സൈനിക നടപടികൾ തുടരുന്നതിനാലും ഈ കണക്കുകളിൽ മാറ്റം വരാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേടുപാടുകൾ സംഭവിച്ച ചില വിമാനങ്ങൾ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തിരികെ എത്തിയേക്കാമെന്നും റിപ്പോർട്ടിലുണ്ട്.

error: Content is protected !!