സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഇന്ത്യ

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. അബ്ഹ, റിയാദ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്ക് പൂർണ്ണ പിന്തുണ ഇന്ത്യ പ്രഖ്യാപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം അറിയിച്ചു.
“സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ഉണ്ട്. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ” എന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മക്ക, മദീന എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങൾക്ക് മുകളിലൂടെയല്ലാതെ സൗദി വ്യോമാതിർത്തിയിൽ വിമാന സർവീസുകൾ നടത്തിയാൽ “പ്രത്യാഘാതങ്ങൾ” നേരിടേണ്ടിവരുമെന്ന് ആഗോള വിമാനക്കമ്പനികൾക്ക് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. സൗദി നഗരങ്ങൾ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, കപ്പൽ ഗതാഗതം എന്നിവയെ ഹൂതികൾ ലക്ഷ്യമിട്ടപ്പോൾ, സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേന ഹൂതികൾക്കെതിരെ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

