KSDLIVENEWS

Real news for everyone

മുടിവെട്ടിനും സ്കൂളുകളിൽ യൂണിഫോമിനും മൊബൈൽ ഉപയോഗത്തിനും അച്ചടക്ക മാർഗരേഖ വേണം- ബാലാവകാശ കമ്മിഷൻ

SHARE THIS ON

സ്കൂൾ കുട്ടികൾ മാന്യമായി യൂണിഫോം ധരിക്കുന്നത് ഉറപ്പാക്കാനും ലിപ്‌സ്റ്റിക് പോലുള്ള സൗന്ദര്യവർധകവസ്തുക്കളുടെ അമിതമായ ഉപയോഗം തടയാനും അച്ചടക്ക മാർഗരേഖ വേണമെന്ന് ബാലാവകാശ കമ്മിഷൻ. കുട്ടികൾ വൃത്തിയായി മുടി വെട്ടി ഒതുക്കുന്നത് സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമാണെന്നും കമ്മിഷൻ അംഗം ഡോ. എഫ്. വിത്സൺ ഉത്തരവിൽ വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടർ മാർഗരേഖ പുറപ്പെടുവിച്ച്, 60 ദിവസത്തിനുള്ളിൽ നടപടി റിപ്പോർട്ട് നൽകാനാണ് നിർദേശം. സ്കൂളിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം വിലക്കി നേരത്തേ ഉത്തരവിട്ടെങ്കിലും ചില പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ ഉപയോഗിക്കാമെന്നാണ് പുതിയ നിർദേശം. മൊബൈൽ കൊണ്ടുവന്നാൽ, സ്കൂൾ സമയത്ത് സ്വിച്ച് ഓഫ് ചെയ്തു വെക്കണം. സ്കൂൾ സമയത്ത് ഉപയോഗിച്ചാൽ അച്ചടക്കലംഘനമാവും. മുടി വളർത്തൽ, പരിപാലനം, മൊട്ടയടിക്കൽ, നിറം കൊടുക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളാണെങ്കിലും സ്കൂൾ പഠനകാലത്ത് സ്‌കൂൾ അച്ചടക്കത്തിന്റെ നിബന്ധനകൾക്കു വിധേയമാക്കാനും കമ്മിഷൻ ഉത്തരവിട്ടു.

കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും പോറലേൽക്കാത്ത രീതിയിൽ സ്കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. സ്കൂൾ കുട്ടികളിൽ ആഡംബരവസ്തുക്കളുടെ അമിത ഉപയോഗം നിർബന്ധമായും ഒഴിവാക്കണം. ലിപ്‌സ്റ്റിക്‌ പോലുള്ള സൗന്ദര്യവർധകവസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗം, വ്യക്തിശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ലിപ്സ്റ്റിക് വാങ്ങാൻ പണമില്ലാത്തതിനാൽ, ഒരു കുട്ടി സിന്ദൂരം കലക്കി പുരട്ടി ചൂണ്ടുകൾ പൊള്ളിപ്പോയത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!