KSDLIVENEWS

Real news for everyone

വീണ്ടും അശാന്തി പടർത്തി
പശ്ചിമേഷ്യയിൽ ആക്രമണം;
സിറിക് ദ്വീപിൽ ബോംബിട്ട് യുഎസ്; ബഹ്റൈൻ ദ്വീപിൽ ഇറാന്റെ തിരിച്ചടി, റഡാർ സംവിധാനം തകർത്തു

SHARE THIS ON

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത വർധിപ്പിച്ച് പരസ്പരം ആക്രമണം നടത്തി ഇറാനും യുഎസും. സമാധാന ശ്രമങ്ങൾ വെള്ളത്തിലാക്കി രണ്ടു മാസങ്ങൾക്കു ശേഷമാണ് ഇറാൻ യുഎസ് സൈന്യത്തിനു നേരെ ആക്രമണം നടത്തുന്നത്. ഇറാനിലെ സിറിക് ദ്വീപിലെ റഡാർ സംവിധാനങ്ങൾ തകർത്തതായി യുഎസ് അറിയിച്ചു. ഇതിനു പകരമായി ബഹ്റൈനിലെ യുഎസ് കേന്ദ്രത്തിലെ നിരീക്ഷണ സംവിധാനങ്ങൾ തകർത്തതായി ഇറാനും അവകാശപ്പെട്ടു. എന്നാൽ ഇത് യുഎസ് സൈന്യം നിഷേധിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സാമ്പത്തിക മേഖലയെ ബാധിച്ചേക്കാവുന്ന നീക്കമാണിത്.

അതിനിടെ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ കൂടിക്കാഴ്ച്ചകൾക്കായി അമേരിക്കയിലെത്തിയത് ആശങ്ക വർധിപ്പിച്ചു. ഇറാനിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ആലോചിക്കാനാണ് മൊസാദ് തലവൻ റോമൻ ഗോഫ്മാന്റെ സന്ദർശനമെന്നാണ് റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസിയുമായും വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ഗോഫ്മാൻ കൂടിക്കാഴ്ച നടത്തും. ഇറാൻ ആക്രമണം പുനരാരംഭിക്കാനുള്ള ഇസ്രയേൽ സമ്മർദ്ദത്തിനു ട്രംപ് വഴങ്ങിയില്ലെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഈ സന്ദർശമെന്നതും ശ്രദ്ധേയം.

ക്രൂഡോയിൽ ‘അധികം’
2026ന്റെ നാലാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) രാജ്യാന്തര വിപണിയിലേക്ക് അധികമായി ക്രൂഡോയിൽ‌ എത്തുമെന്നും വിപണി  സർപ്ലസിലേക്ക് മാറുമെന്നും രാജ്യാന്തര ഊർജ ഏജൻസിയുടെ (ഐഇഎ) റിപ്പോർട്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഉൽപാദനവും കയറ്റുമതിയും കൂടും. റഷ്യ ഉൽപാദന ശേഷി വീണ്ടെടുക്കും. കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഗൾഫിൽ നിന്നുള്ള എണ്ണവരവ് രാജ്യാന്തര ഡിമാൻഡിനു മുകളിലാണ്. നാലാം പാദത്തിൽ പ്രതിദിനം 105 ദശലക്ഷം ബാരൽ ക്രൂഡോയിലാകും വിപണിയിലെത്തുക. പ്രതീക്ഷിത ഡിമാൻഡിലേക്കാളും പ്രതിദിനം 1.7 ദശലക്ഷം ബാരൽ അധികമാണിത്.

നാലാം പാദത്തിൽ ലോകരാജ്യങ്ങൾക്ക് ആവശ്യമായ ക്രൂഡോയിൽ വിപണിയിൽ ലഭ്യമായിരിക്കില്ലെന്നാണ് നേരത്തെ ഏജൻസി മുന്നറിയിപ്പു നൽകിയിരുന്നത്. ക്രൂ‍ഡോയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസമായ റിപ്പോർട്ടാണിത്. ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം സാധാരണ നിലയിലേക്കു നീങ്ങുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായി. ഇറാൻ വിഷയത്തിൽ ട്രംപ് നിലപാട് കടുപ്പിച്ചതോടെ കഴിഞ്ഞ ദിവസം കുതിച്ച ക്രൂഡോയിൽ വിലയിലും ഇതു ആശ്വാസമായി. ബാരലിന് 95.84 ഡോളറിലാണ് നിലവിൽ ബ്രെന്റ് ക്രൂഡോയിൽ വില. ഡബ്ല്യൂടിഐ ക്രൂഡോയിൽ ബാരലിന് 88.56 ഡോറിലെത്തി. യുഎഇയുടെ മർബൻ ക്രൂഡോയിൽ 94.89 ഡോളറിലുമാണ്.

തിളക്കം മങ്ങി സ്വർണം
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിവ് തുടരുകയാണ്. ഒക്ടോബറിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നതോടെ വിലക്കയറ്റത്തെ നിയന്ത്രിക്കാൻ കടുത്ത നടപടികളിലേക്ക് യുഎസ് ഫെഡ് കടന്നേക്കുമെന്ന റിപ്പോർട്ടുകളാണ് തിരിച്ചടിയായത്. ഡിസംബറിലെ യോഗത്തിൽ 0.25 ശതമാനം പലിശ നിരക്ക് ഉയരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ വർധന 0.5 ശതമാനമായാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഔൺസിന് 0.09% നഷ്ടത്തിൽ 3875.55 ഡോളറെന്ന നിലയിലാണ് സ്വർണം. കഴി‍ഞ്ഞ ദിവസം ക്രൂ‍ഡോയിൽ വില ഉയർന്നതോടെ സ്വർണവില 3 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഈ ആഴ്ച മാത്രം 4.5 ശതമാനമാണ് നഷ്ടം. ജൂണിനു ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് കടന്നു പോയത്.

വെള്ളിയാഴ്ച നഷ്ടം
3 ദിവസത്തെ നേട്ടക്കഥ മറന്ന ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്ലോസിങിൽ സെൻസെക്സ് 318 പോയിന്റും നിഫ്റ്റി 155 പോയിന്റും ഇടിഞ്ഞു. 0.39% നഷ്ടത്തിൽ സെൻസെക്സ് 81,592.45ലെത്തി. നിഫ്റ്റി 0.61% ഇടിഞ്ഞ് 25,144.30ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 484 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.26 ശതമാനവും മിഡ്ക്യാപ് സൂചിക 0.24 ശതമാനവും നഷ്ടത്തിലായി.

വിദേശനിക്ഷേപകർ വാങ്ങൽ തുടരുന്നുണ്ടെങ്കിലും വിപണിയിൽ ലാഭമെടുപ്പ് വ്യാപകമായതാണ് തിരിച്ചടിയായത്. പണപ്പെരുപ്പ ഭീഷണിയും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തതും നിക്ഷേപകരുടെ മനസുമാറ്റി. ഇന്നലെ പുറത്തു വന്ന ഒക്ടോബറിലെ പണപ്പെരുപ്പ കണക്ക് ആർബിഐയുടെ സഹന പരിധിയായ 6% കടന്നു കുതിച്ചിരുന്നു. ഇതോടെ അടുത്ത ആർബിഐ പണനയ യോഗത്തിൽ റിപ്പോ നിരക്ക് വർധിപ്പിക്കുമെന്ന് തീർച്ചയായി.

നിരക്ക് വർധന ബാധിച്ചേക്കാവുന്ന മേഖലകളിലാണ് വിൽപന രൂക്ഷമായത്. ഫിനാൻഷ്യൽ സർവീസ്, പ്രൈവറ്റ് ബാങ്ക്, ഓട്ടോമൊബീൽ, റിയൽറ്റി എന്നീ മേഖലകൾ ഇടിഞ്ഞു. എനർജി, ഹെൽത്ത് കെയർ ഓഹരികൾ പിടിച്ചു നിന്നതാണ് വിപണി കനത്ത നഷ്ടത്തിലേക്ക് മാറാതിരിക്കാൻ കാരണം.`

വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകർ 5253 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നാണ് കണക്ക്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ഓഹരികളിൽ 84,000 കോടിയോളം രൂപയുടെ വിദേശ നിക്ഷേപമെത്തിയെന്നും എൻഎസ്ഡിഎൽ കണക്ക് പറയുന്നു.

കരുത്തിന്റെ ആഴ്ച
എന്നാൽ ആഴ്ച കണക്കെടുത്താൽ ഇരുസൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി 0.5 ശതമാനവും നിഫ്റ്റി 0.7 ശതമാനവും ലാഭമുണ്ടാക്കി. ബാങ്ക് നിഫ്റ്റി 3% മുന്നേറിയപ്പോൾ നിഫ്റ്റി ഐടി സൂചിക 3.2% ഇടിഞ്ഞു. ഹെവി വെയ്റ്റ് ഓഹരികൾക്ക് പുറമെ മറ്റുള്ളവയിലേക്കും വ്യാപാരം നീണ്ടതോടെ നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 3.6 ശതമാനവും മിഡ് ക്യാപ് 2.1 ശതമാനവും മുന്നേറി.

യുഎസിലും ‘ബ്ലാക്ക് ഫ്രൈഡേ’

എൻവിഡിയ ഓഹരികൾ നഷ്ടം തുടർന്നതോടെ യുഎസ് ഓഹരി വിപണി ഇന്നലെ ഭിന്നദിശയിലായിരുന്നു. ടെക് ഓഹരികൾക്ക് ആധിപത്യമുള്ള നാസ്ഡാക് സൂചിക 0.91 ശതമാനം നഷ്ടത്തിലായി. എസ് ആൻഡ് പി 0.4 ശതമാനവും ഇടിഞ്ഞു. എന്നാൽ ഡോ സൂചിക 0.1% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒക്ടോബറിലെ മൊത്തവിലക്കയറ്റ സൂചികയുടെ വളർച്ച സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞത് ആദ്യഘട്ടത്തിൽ വിപണിക്ക് ഉണർവായിരുന്നു. വിലക്കയറ്റത്തിൽ 0.4% വർധനയുണ്ടാകുമെന്നാണ് വിദഗ്ധർ കരുതിയതെങ്കിലും 0.3% മാത്രമാണ് വർധി‍ച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഉൽപാദന വിലക്കയറ്റ സൂചിക (പ്രൊഡ്യൂസേഴ്സ് പ്രോഡക്ട് ഇൻഡക്സ്) 6.5 ശതമാനമാണ് കുതിച്ചത്. 2022 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ വർധന.

എന്നാൽ എൻവിഡിയ ഓഹരികൾ ഇന്നലെും നഷ്ടത്തിലായി. ഇന്നലെ മാത്രം ഓഹരിയിലുണ്ടായ നഷ്ടം 2%. ജെൻസെൻ ഹുവാങ് സിഇഒ സ്ഥാനം ഒഴിഞ്ഞതോടെ പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. മലയാളി വംശജർ അടക്കമുള്ളവരെയാണ് കമ്പനി പരിഗണിക്കുന്നത്.

ഇതിനിടയിലും കഴിഞ്ഞ ആഴ്ച വിപണിയിലുണ്ടായത് മികച്ച മുന്നേറ്റം. നാസ്ഡാക് 2.3 ശതമാനവും എസ് ആൻ‍ഡ് പി 2.5 ശതമാനവും ഡോ 2.1 ശതമാനവും വളർന്നു. ഓഗസ്റ്റിനു ശേഷമുള്ള മികച്ച നേട്ടം.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!