ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; വിടപറഞ്ഞത് കോളജിന്റെ പ്രിയ ഗായിക

പെരുമ്പാവൂർ: കുറുപ്പംപടിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനി ഓട്ടോറിക്ഷയിടിച്ചു മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷം സോഷ്യോളജി വിദ്യാർഥിനി റിയ റോയ്(18) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ (18) പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പംപടി – കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി ടൗണിനു സമീപമാണ് അപകടമുണ്ടായത്. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും.
മുൻപിൽ പോയ ഓട്ടോറിക്ഷ വലതുവശത്തുള്ള ഇടറോഡിലേക്കു തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിൽ തലയിടിച്ചു വീണു. റിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോളജിൽ ഗായികയായി അറിയപ്പെടുന്ന ആളാണ് റിയ. വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകളാണ്.

