വീട്ടിൽ കള്ളൻ കയറിയാൽ ഇനി ഫോണിൽ വിളിയെത്തും ; മോഷണം തടയാൻ കുറ്റിപ്പുറം പൊലീസിന്റെ സൗജന്യ സുരക്ഷാ സംവിധാനം

കുറ്റിപ്പുറം : ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സൗജന്യ സുരക്ഷാ സംവിധാനവുമായി കുറ്റിപ്പുറം പോലീസ്.വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയാല്‍ പൊലീസ് സ്റ്റേഷനിലേക്കും വീട്ടുടമസ്ഥനും ഫോണ്‍കോള്‍ എത്തുന്ന സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ തത്സമയം 3 ഫോണുകളിലേക്ക് എത്തുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രേത്യേകത. കുറ്റിപ്പുറം പൊലീസ് സ്റ്റേഷന് പരിധിയിലെ 3 വീടുകളില്‍ മോഷണ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സേവനം ഒരുക്കിയത്. സിഐ ശശീന്ദ്രന് മേലയിലിന്റെ ആശയപ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി 2 ഉപകരണങ്ങള്‍ സജ്ജമായി.7 ദിവസംവരെ വീട് പൂട്ടിപ്പോകുന്ന കുടുംബങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.യാത്ര പോകുന്ന വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചാല്‍ പൊലീസ് വീട്ടിലെത്തി ഉപകരണം സ്ഥാപിക്കും. മോഷ്ടാക്കള്‍ വീട്ടില്‍ കയറാന്‍ ശ്രമിച്ചാല്‍ വിവരം ഫോണ്‍ കോളായി ലഭിക്കും. ഇതിനു പുറമേ അലാം പ്രവര്‍ത്തിക്കും. വീട്ടിലോ, സമീപത്തെ വീട്ടിലോ അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലോ അലാം സ്ഥാപിക്കാന്‍ കഴിയും. 13,000 രൂപയുടെ ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് അനുസരിച്ച് എത്തിക്കാനാണ് പൊലീസിന്റെ ശ്രമം.

