ഹണിമൂണിനിടെ ഹോംസ്റ്റേയിലെ ബാർബിക്യൂ അടുപ്പിൽനിന്ന് പൊള്ളലേറ്റു; യുവതിക്ക് ദാരുണാന്ത്യം, ഞെട്ടിക്കുന്ന ദൃശ്യം

കൊൽക്കത്ത: ഡാർജലിങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂ അടുപ്പിൽനിന്ന് തീപ്പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവ് സമീറിനൊപ്പം ഹണിമൂൺ ആഘോഷിക്കാൻ ഡാർജിലിങ്ങിലെ സിറ്റിയോങ്ങിൽ എത്തിയപ്പോഴാണ് ബംഗാൾ സ്വദേശിനിയായ നികിത സാഹയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. സെപ്റ്റംബർ 13നായിരുന്നു സംഭവം. പൊള്ളലേറ്റതിനെ തുടർന്ന് സിലിഗുരുവിലെ ആശുപത്രിയിലും തുടർന്ന് മികച്ച ചികിത്സയ്ക്കായി കൊൽക്കത്തിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നികിത ഇന്നലെ പുലർച്ചെ മരിച്ചു.
നികിതയും സമീറും താമസിച്ച ഹോംസ്റ്റേയിൽ ബാർബിക്യൂ തയാറാക്കുന്നതിനിടെയാണ് അപകടമുണ്ടാത്. ഹോംസ്റ്റേ അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇത്തരത്തിൽ ദുരന്തത്തിൽ കലാശിച്ചതെന്ന് സമീർ കുറ്റപ്പെടുത്തി. തീയുടെ സമീപത്ത് ഓയിൽ ഡ്രം ഉപയോഗിച്ചതാണ് ഇത്തരത്തിൽ തീ ആളിപ്പടരാൻ ഇടയാക്കിയതെന്നും ഭാര്യയുടെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഹോം സ്റ്റേ ഉടമ ഈ ആരോപണങ്ങൾ നിഷേധിച്ചു. തീയോടു ചേർന്ന് ഇരിക്കരുതെന്ന് ദമ്പതികൾക്ക് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും തണുപ്പ് അധികമായതോടെ ദമ്പതികൾ ആവശ്യപ്പെട്ടതു പ്രകാരം പുറത്തുനിന്ന് ഒരാളാണ് തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. അയാൾ ഹോംസ്റ്റേ ജീവനക്കാരനല്ലെന്നും ഉടമ വ്യക്തമാക്കി. ഹോംസ്റ്റേ ജീവനക്കാരൻ ഭക്ഷണം ക്രമീകരിക്കാനായി പോയപ്പോഴാണ് ദമ്പതികളുടെ ആവശ്യപ്രകാരം മറ്റൊരാൾ തീയാളിക്കത്താൻ മണ്ണെണ്ണ ഒഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും റിസോർട്ട് ഉടമ പുറത്തുവിട്ടു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

