അതിർത്തി കടന്നുള്ള യാത്രാ ക്ലേഷത്തിന് അറുതി ; കെ.എസ്.ആർ.ടി.സി. മംഗളൂരു സർവീസ് ഇന്നുമുതൽ

കാസർഗോഡ്:കാസർഗോഡ് കോവിഡിനെ തുടർന്ന് നിർത്തിവെച്ച -മംഗളൂരു ബസ് സർവീസ് തിങ്കളാഴ്ചമുതൽ പുനരാരംഭിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് കേരള, കർണാടക ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നത്.ആറുമണിമുതൽ ഏഴുമിനിറ്റ് ഇടവിട്ട് മംഗളൂരുവിലേക്ക് ബസുകൾ പുറപ്പെടും. കാസർഗോഡ് ഡിപ്പോയുടെ 19 ബസുകളും കർണാടക ആർ.ടി.സി.യുടെ 19 ബസുകളുമടക്കം 38 ബസുകളാണ് തിങ്കളാഴ്ച സർവീസ് ആരംഭിക്കുക.യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. കോവിഡിനെ തുടർന്ന് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനുശേഷം മംഗളൂരുവിലേക്ക് നടത്തുന്ന ആദ്യ സർവീസാണ് തിങ്കളാഴ്ചത്തേത്. കാസർഗോഡ്്ടുനിന്ന് മംഗളൂരുവിലേക്ക് പോകാൻ ഇപ്പോൾ 68 രൂപയാണ് ടിക്കറ്റ് നിരക്ക്. മുമ്പ് 60 രൂപയായിരുന്നു. സംസ്ഥാനങ്ങൾക്കിടയിലെ യാത്രാവിലക്കുകൾ നീക്കാൻ പരമോന്നത കോടതി വിധിച്ചിട്ടും കാസർകോട്ടുനിന്നുള്ള ബസുകൾ തലപ്പാടിവരെ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. കർണാടകയുടെ ബസുകളും തലപ്പാടിവരെ വന്ന് തിരിച്ചുപോവുകയായിരുന്നു. ദിനംപ്രതി കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോയിവരുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഇതുമൂലം ഏറെ വലഞ്ഞിരുന്നു. ഇക്കാര്യം നവംബർ മൂന്നിന് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

