കോവിഡ് പരിശോധനാ ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കളക്ടർ

കാസർഗോഡ് : കോവിഡിനെ പ്രതിരോധിക്കാൻ ജില്ലാതല ഐ.ഇ.സി. കോ ഓർഡിനേഷൻ കമ്മിറ്റി ആരംഭിച്ച ആന്റിജെൻ ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് കളക്ടർ ഡോ. ഡി.സജിത് ബാബു. ഡിസംബർ 14 വരെ നീണ്ടുനിൽക്കുന്ന കോവിഡ് പരിശോധന ചലഞ്ചിൽ ആദ്യദിനം ആന്റിജൻ പരിശോധന നടത്തിയ എ.ഡി.എം. എൻ.ദേവിദാസ് കളക്ടറെ ചലഞ്ച് ചെയ്തിരുന്നു. ചലഞ്ച് ഏറ്റെടുത്ത കളക്ടർ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജൻ പരിശോധന നടത്തിയത്. ടെസ്റ്റ് ഫലം നെഗറ്റീവാണ്. പരിശോധിക്കുന്ന ഫോട്ടോയോടൊപ്പം ഞാൻ കോവിഡ് പരിശോധിച്ചു, നെഗറ്റീവാണ് എന്നെഴുതി എന്ന ടാഗ് ലൈനിൽ കളക്ടറുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പയെ ചലഞ്ച് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവർത്തകരും ചലഞ്ച് ഏറ്റെടുക്കും. കോവിഡ് പരിശോധന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ചലഞ്ചിന് കാസർകോട് ജില്ലയിൽ തുടക്കംകുറിച്ചിരിക്കുന്നത്. ആന്റിജെൻ പരിശോധന ചലഞ്ച് എന്ന ഹാഷ് ടാഗിൽ വിവിധ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്കും ചലഞ്ചിന്റെ ഭാഗമാകാം.

