സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞുതുടങ്ങി. ഇനി തീവ്ര പ്രചാരണത്തിന്റെ നാളുകൾ

കാസർഗോഡ്: സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞുതുടങ്ങി. ഇനി പ്രചാരണത്തിന്റെ അശ്വവേഗനാളുകൾ. എന്നാൽ, ഒരു കാര്യം ഉറപ്പാണ് ഓരോ വാർഡിലും സ്ഥാനാർഥികളുടെ ജയപരാജയം തീരുമാനിക്കുക യുവ വോട്ടർമാരായിരിക്കും. യുവാക്കളുടെയും യുവതികളുടെയും മനസ്സിലിടം നേടാൻ കഴിയുന്ന സ്ഥാനാർഥിക്കൊപ്പമായിരിക്കും വിജയമെന്ന് ചുരുക്കം. ഇത് മുൻകൂട്ടിക്കണ്ടാണ് മുന്നണികളും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്കും യുവതികൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നതും. മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയാണത്. പുരുഷനായാലും സ്ത്രീയായാലും നന്നായി പഠിച്ചവരെയാണ് മുന്നണികളെല്ലാം പ്രതിനിധികളാക്കാൻ തീരുമാനിച്ചിരിക്കുന്നത്.2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിൽ കൂടിയിരിക്കുന്നത് 94,063 പുതിയ വോട്ടാണ്. അതിൽ യുവതികൾക്കാണ് മേൽക്കൈ എന്നതും സ്ഥാനാർഥികൾ മനസ്സിലാക്കുന്നത് നല്ലത്. മൂന്ന് നഗരസഭകളിൽ മാത്രം 12,026 പുതിയ വോട്ടർമാരാണ് വിധിയെഴുത്തിന് തയ്യാറായിരിക്കുന്നത്. ജില്ലയിൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 10,46,226 വോട്ടർമാരാണുള്ളത്. ഇതിൽ പുരുഷന്മാരെക്കാൾ 42,468 സ്ത്രീകൾ അധികമാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതാണ്ട് അരലക്ഷത്തോളമുള്ള സ്ത്രീകൾ വിചാരിച്ചാൽ തദ്ദേശഭരണത്തിൽ പല അട്ടിമറികളും നടത്താൻ കഴിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കുറി ഗ്രാമപ്പഞ്ചായത്തുകളിൽ വിധിയെഴുതാൻ 4,42,113 പുരുഷന്മാരും 4,75,545 സ്ത്രീകളുമാണുള്ളത്. ഇവിടെയും ചിത്രം കൃത്യമാണ്, 33,432 വനിതാ വോട്ടർമാർ അധികം. കാസർഗോഡ് നഗരസഭയിലെ 39,138 വോട്ടർമാരിൽ പുരുഷന്മാരെക്കാൾ 1456 സ്ത്രീകൾ കൂടുതലാണ്. 18,841 പുരുഷന്മാരും 20,297 സ്ത്രീകളുമാണ് നഗരഭരണത്തിൽ വിധിയെഴുതുക. കാഞ്ഞങ്ങാട് നഗരസഭയിൽ പുരുഷന്മാരെക്കാൾ 4887 സ്ത്രീകൾ വോട്ടിനുണ്ട്. ആകെ വോട്ടർമാർ 57,989. നീലേശ്വരത്ത് 31,436 വോട്ടർമാരിൽ പുരുഷന്മാർ 14,371-ഉം സ്ത്രീകൾ 17, 064-ഉം ആണ്.

