ജില്ലയിൽ കോവിഡ് ബാധിതർ 21,000 കടന്നു ; 220 മരണവും

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിതർ 21,000 കടന്നു. ശനിയാഴ്ച 104 പേർക്കാണ് പോസിറ്റീവായത്. ഇതോടെ ആകെ എണ്ണം 21,058 ആയി. ഇവരിൽ 19765 പേരും രോഗമുക്തരായി. ശനിയാഴ്ച 168 പേർക്ക് നെഗറ്റീവായി.
ഇതുവരെ കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത് 220 പേരാണ്. 1073 പേർ ചികിത്സയിലും 6681 പേർ നിരീക്ഷണത്തിലും കഴിയുന്നു. 1362 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 254 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. കഴിഞ്ഞ 50 ദിവസത്തിനിടെയാണ് പതിനായിരം രോഗികളുടെ വർധനയുണ്ടായത്. എന്നാൽ ഇക്കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ പൊതുവെ രോഗികളുടെ എണ്ണം കുറവാണ്. കഴിഞ്ഞമാസവും ഈ മാസം ആദ്യവും പ്രതിദിനം 400-നും 500-നും ചിലപ്പോൾ 500-നു മുകളിലും കോവിഡ് ബാധിതർ ഉണ്ടായിരുന്നു.
ഇപ്പോൾ മിക്ക ദിവസങ്ങളിലും നൂറിൽ താഴെയാണ് രോഗികൾ. ചികിത്സയിലുള്ളവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഒരേസമയം നാലായിരത്തിലേറെപ്പേർ ചികിത്സയിലുണ്ടായിരുന്നിടത്ത് അത് ആയിരത്തിലേക്ക് ചുരുങ്ങി. ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 90 ശതമാനവും വീടുകളിലാണുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം ഒഴിവാക്കി. ടാറ്റ ആസ്പത്രിയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്ന പണി നടക്കുകയാണ്. ജില്ലാ ആസ്പത്രിയിലെ കോവിഡ് ബാധിതരെ ഏതാനും ദിവസത്തിനുള്ളിൽ ടാറ്റാ ആസ്പത്രിയിലേക്കും ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റും.
ഡിസംബർ ഒന്നുമുതൽ കോവിഡ് ആസ്പത്രിയെന്നത് ഒഴിവാക്കി ജില്ലാ ആസ്പത്രി സാധാരണ നിലയിലാക്കും. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ കോവിഡ് ഭീതി മറന്നുള്ള ഇടപഴകലാണ് ആളുകൾക്കിടയിലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഇത് വീണ്ടും കോവിഡ് വ്യാപനത്തെ ക്ഷണിച്ചു വരുത്തും. സാമൂഹിക അകലം പാലിച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വേണം വോട്ടഭ്യർഥന നടത്താനെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു

