പെരിയ ഇരട്ടക്കൊല കേസ് ; സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി ; സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി. ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സി ബി ഐ ആവശ്യം.
കോടതി വിധി ആശ്വാസമാണെന്നും സര്‍ക്കാരിന് തിരിച്ചടി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം പ്രതികരിച്ചു. അന്വേഷണത്തിന് എതിരെയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തളളിയിരുന്നു. അത് ശരിവച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ്.
ഒന്നര മണിക്കൂറോളമാണ് കേസിന്റെ വാദപ്രതിവാദം നീണ്ടുനിന്നത്. പിന്നാലെയായിരുന്നു വിശദമായ വിധി പ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് നടത്തിയത്. കേസ് സി ബി ഐയ്ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെരിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സി ബി ഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുളള രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

