കര്‍ഷക നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം ; സമരം തുടരുമെന്ന് സംഘടനകൾ

ന്യൂഡൽഹി: കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. ഡിസംബർ മൂന്നിന് കർഷകരുമായി വീണ്ടും ചർച്ച നടത്തും.
വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കർഷക സംഘടനകളിലെ വിദഗ്ധരും സർക്കാർ പ്രതിനിധികളും ചേർന്ന് പാനൽ രൂപീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശവും കർഷകർ തളളി.
കാർഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കർഷകർ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തങ്ങളുടെ കൃഷിനിലത്തെ കോർപറേറ്റുകൾ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പറഞ്ഞു. പാനൽ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവർ വ്യക്തമാക്കി.
മൂന്നുമണിയോടെയാണ് വിജ്ഞാൻ ഭവനിൽ കർഷകസംഘടനയിലെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയത്. ചർച്ചയിൽ 32 കർഷക സംഘനടകളെ ക്ഷണിച്ചിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ ആറുദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ പ്രക്ഷോഭത്തിലാണ്.

