ഓപ്പറേഷൻ ഗജ’ ക്ലൈമാക്സിൽ: ആദ്യ ആനക്കൂട്ടം പുലിപ്പറമ്പ് കടന്നു

ദേലമ്പാടി: ഊണും ഉറക്കവുമുപേക്ഷിച്ച് ‘വനയുദ്ധ’ത്തിലേർപ്പെട്ട കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്നം ഫലം കണ്ടുതുടങ്ങി. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിലെത്തി. 21 ദിവസത്തെ തീവ്ര ആന തുരത്തൽ പദ്ധതി ഏഴാംദിവസമാകുമ്പോഴേക്കും അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ചമ്പിലാംകൈ, ബളവന്തടുക്ക എന്നീ രണ്ടുപ്രദേശങ്ങളിൽനിന്നാണ് ‘ഓപ്പറേഷൻ ഗജ’ ആരംഭിച്ചത്. ബളവന്തടുക്കയിൽനിന്നാരംഭിച്ച ദൗത്യമാണ് ഇപ്പോൾ ഫലംകണ്ടത്. ചമ്പിലാംകൈയിൽനിന്ന് തെളിച്ച ആനക്കൂട്ടം പുലിപ്പറമ്പിന് രണ്ടുകിലോമീറ്റർ അടുത്താണുള്ളത്. അതിൽ ഏഴ് ആനകളുടെ ഒരു കൂട്ടവും ഒരു ഒറ്റയാനും പെടും. ഒറ്റയാൻ പിടികൊടുക്കാതെ മാറിനടക്കുകയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഒറ്റയാനെ അതിർത്തികടത്തുക പ്രയാസമുള്ള കാര്യവുമല്ല. ആനക്കൂട്ടത്തെ തുരത്തുന്നതിനിടയിൽ ഒറ്റയാന്റെ അക്രമമാണ് ദൗത്യസേനയേയും നാട്ടുകാരേയും ആശങ്കയിലാക്കുന്നത്.
വേലി പുനഃസ്ഥാപിക്കണമെങ്കിൽ ആനകളെല്ലാം കടക്കണം
: ആനകളെല്ലാം അതിർത്തികടന്നാൽ മാത്രമേ പുലിപ്പറമ്പിൽ വേലി പുനഃസ്ഥാപിക്കാൻ സാധിക്കൂ. ഇപ്പോൾ പാണ്ടിവനത്തിലുള്ള ആനക്കൂട്ടം പുലിപ്പറമ്പിലെത്തുംമുൻപേ അതിർത്തികടന്നവ തിരിച്ച് വരാതിരിക്കുക എന്നതാണ് വനംവകുപ്പിന് മുന്നിലെ വലിയ വെല്ലുവിളി. പുലിപ്പറമ്പിലെ വേലി ഇപ്പോൾ അഴിച്ചുവെച്ചിരിക്കുകയാണ്. ആനകളെ മുഴുവൻ കടത്തിയാൽമാത്രമേ വേലി പുനർനിർമിക്കാനാവൂ. ആനകളെല്ലാം അതിർത്തികടന്ന ഉടൻ വേലി പുനർനിർമിക്കാനുള്ള നിർദേശം കരാറുകാരന് നൽകിയെന്ന് അധികൃതർ അറിയിച്ചു.

