കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ; ഇന്നലെ മുതൽ 400ഓളം രോഗികൾക്ക് ആശ്വാസമേകി

കാഞ്ഞങ്ങാട്
രണ്ടു മാസമായി അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്കായി മാറ്റിവച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച മുതൽ കോവിഡിതര രോഗികൾക്കുകൂടി ചികിത്സ ലഭ്യമാകും. 400ഓളം അത്യാസന്ന രോഗികളുടെ ജീവൻ രക്ഷിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ആരോഗ്യ പ്രവർത്തകർ.
ജനറൽ ഒപി, സ്പെഷ്യാലിറ്റി ഒപി, കാഷ്വാലിറ്റി സേവനങ്ങളാണ് പഴയതുപോലെ ഇവിടെ ലഭിക്കുക. ഒമ്പതുമുതൽ ഓപ്പറേഷൻ, ഐസിയു, ലേബർ റൂമുകൾ പ്രവർത്തന സജ്ജമാകും.
ഒക്ടോബർ ഒന്നുമുതൽ നവമ്പർ 30വരെയാണ് കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചത്. 426 അത്യാസന്നരോഗികൾക്ക് ചികിത്സ നൽകി. അഞ്ചു ബെഡ്ഡുള്ള ഐസിയു 27 ബെഡ്ഡുള്ളതാക്കി വിപുലീകരിച്ചു. മറ്റു സ്ഥലങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ വിന്യസിച്ചു ട്രഷറി കേർ സംവിധാനം ഏർപ്പെടുത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ നൽകിയത്. എന്നിട്ടും 35 രോഗികൾ മരിച്ചു. ഇങ്ങനെയൊരു സംവിധാനം ഒരുക്കിയില്ലെങ്കിൽ മരണനിരക്ക് എന്താകുമായിരുന്നു എന്നു ഊഹിക്കാവുന്നതേയുള്ളൂ.
ഉക്കിനടുക്കയിൽ 15 പുതിയ ഐസിയു ബെഡ് കൂടി സജ്ജമാക്കി. ടാറ്റ ആശുപത്രിയിൽ പൈപ്പ് ലൈൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. ഇവിടെ ലാബ്, ഫാർമസി സംവിധാനങ്ങൾ, ഐസിയു ഉപകരണങ്ങൾ എന്നിവ കെഎംസിഎൽ വഴി സജ്ജീകരിച്ചുവരുന്നു. രണ്ടാഴ്ചക്കകം ഗുരുതര രോഗികളെ പ്രവേശിപ്പിക്കാവുന്ന ആശുപത്രിയായി ഇത് മാറും.

