പോലീസ് സ്റ്റേഷനുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സിസിടിവി കാമറകള് സ്ഥാപിക്കണം- സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിബിഐ, എൻഐഎ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് നിർദേശം. നാർക്കോട്ടിക് കൺട്രോൾ ബ്യുറോ, ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യു ഇന്റലിജൻസ്, എസ് എഫ് ഐ ഓ (സീരിയസ് ഫ്രോഡ് ഇവെസ്റ്റിഗേഷൻ ഓഫീസ്) എന്നിവയുടെ ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും കോടതി നിർദേശിച്ചു.
രാത്രി ദൃശ്യങ്ങൾ പകർത്തുന്നതും ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്നതുമായ ക്യാമറകൾ ആണ് സ്ഥാപിക്കേണ്ടത്. ചോദ്യം ചെയ്യുന്ന ഓഫീസുകളിൽ എവിടെയെങ്കിലും വൈദ്യുതി കണക്ഷനോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിൽ അവ എത്രയുംവേഗം ഉറപ്പാക്കാൻ സർക്കാരുകളോട് കോടതി നിർദേശിച്ചു. സി സി ടി വിയിലെ ദൃശ്യങ്ങൾ 18 മാസം സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. നിലവിൽ വിപണിയിൽ 18 മാസം ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സി സി ടി വി കൾ ഇല്ലെങ്കിൽ പരമാവധി സമയം ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സി സി ടി വി ക്യാമറകൾ ആണ് സ്ഥാപിക്കേണ്ടതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
സിസിടി വിയുടെ പരിധിയിൽ വരാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനിൽ ഉണ്ടാകരുത് എന്ന് കോടതി വ്യക്തമാക്കി. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്ക് പോകുന്ന വഴികളിലും കാമറ സ്ഥാപിക്കണം. റിസപ്ഷൻ, ലോക് അപ്പ്, വരാന്ത, ഇൻസ്പെക്ടറുടെ മുറി, ശുചിമുറികളുടെ പുറംഭാഗം തുടങ്ങിയ ഇടങ്ങളിലും സി സി ടി വി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകൾ വയ്ക്കണമെന്ന് 2018-ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ഏതൊക്കെ പോലീസ് സ്റ്റേഷനുകളിൽ എവിടെയൊക്കെ എത്രയൊക്കെ സി സി ടി വി കാമറകൾ വെച്ചു എന്ന് അറിയിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും കൃത്യമായ മറുപടി സുപ്രീം കോടതിക്ക് നൽകിയില്ല. കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും നടപടി പുരോഗതി റിപ്പോർട്ട് സമർപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദ്യംചെയ്യൽ നടക്കുന്ന ഓഫീസുകളിൽ സി സി ടി വികൾ വെ്ക്കാൻ കർശന നിർദേശം നൽകിയത്.

