കര്‍ഷക സമരം കാനഡ പാര്‍ലമെന്റ് ചര്‍ച്ചചെയ്തു; പക്ഷേ ഇന്ത്യ അത് ചെയ്യുന്നില്ല; വിമർശവുമായി നേതാക്കള്‍

ന്യൂഡൽഹി: ഇന്ത്യൻ കർഷകരുടെ പ്രശ്നം കാനഡയിലെ പാർലമെന്റിൽ ചർച്ചചെയ്യാമെങ്കിൽ അത് ഇന്ത്യൻ പാർലമെന്റിൽ ചർച്ചചെയ്യാൻ സാധിക്കില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കർഷക നേതാക്കൾ. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി അഞ്ചാംഘട്ട ചർച്ച നടത്തുന്നതിനിടെയാണ് നേതാക്കൾ മാധ്യമങ്ങളോട് ഇക്കാര്യം ചോദിച്ചത്.
കാനഡയിലെ പാർലമെന്റിൽ എം.പിമാർ വിഷയം ഉന്നയിച്ചു. തുടർന്ന് കാനഡ പ്രധാനമന്ത്രി കേന്ദ്ര സർക്കാരിന് കത്തയയ്ക്കുകയും ചെയ്തു. കാനഡ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാമെങ്കിൽ നമ്മുടെ പാർലമെന്റിൽ അത് എന്തുകൊണ്ടാണ് ചർച്ചചെയ്യാൻ കഴിയാത്തത് ?’ പഞ്ചാബിലെ ജാംബൂരി കിസാൻ സഭ ജനറൽ സെക്രട്ടറി കുൽവന്ത് സിങ് സന്ധു ചോദിച്ചു.
അതിനിടെ ഇന്നു നടന്ന ചർച്ചയ്ക്കിടയിലും കർഷക നേതാക്കൾ കേന്ദ്ര സർക്കാരിന്റെ ഭക്ഷണമോ ലഘുഭക്ഷണമോ സ്വീകരിക്കാൻ തയ്യാറായില്ല. സമരഭൂമിയിലെ സമൂഹ അടുക്കളയിൽനിന്നെത്തിച്ച ഭക്ഷണം നേതാക്കൾ കഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഡൽഹി വിജ്ഞാൻ ഭവനിലാണ് കർഷക സംഘടനകളുടെ നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച നടക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഉപഭോക്തൃകാര്യമന്ത്രി പീയുഷ് ഗോയൽ, കേന്ദ്ര സഹമന്ത്രി സോം പ്രകാശ്, കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗർവാൾ എന്നിവരാണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. 32 കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 40 നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കർഷകരുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ തുടങ്ങിയവരാണ് ഉന്നതതല യോഗത്തിൽ സംബന്ധിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒന്നര മണിക്കൂർ നീണ്ടു

