KSDLIVENEWS

Real news for everyone

വീഴ്ചകള്‍ ഉണ്ടായി; പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു- മുല്ലപ്പള്ളി

SHARE THIS ON

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകും എന്നാൽ പരാജയം അനാഥനാണ്. ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവർത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിൽ യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചില്ല എന്ന യാഥാർത്ഥ്യം ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മാറണമെന്ന് സുധാകരൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നടത്തിയത് ക്രിയാത്മത വിമർശനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ആർഎംപി വിഷയത്തിൽ വിവാദത്തിലേക്കൊന്നും പോകുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ നിന്ന് മാത്രമല്ല കണ്ണൂരിൽ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ശക്തമായ നിലപാടെടുത്തയാളാണെന്നും ഓർമകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആർ.എം.പിയോട് പറഞ്ഞു.

“ഞാൻ അത്രവലിയ തെറ്റ് വല്ലതും ചെയ്തോ? പറയൂ, ഞാൻ ചെയ്ത തെറ്റെന്താണ്. ഞാൻ ആ തെറ്റ് ഇപ്പോൾ തന്നെ തിരുത്താം. ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി ആക്രമിച്ചു.”- മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2015 നേക്കാൾ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. പ്രബുദ്ധ കേരളത്തിൽ ഒരിടത്തും പൊതു രാഷ്ടീയം ചർച്ചയായില്ല എന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്കിടയിൽ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ സാധിച്ചില്ല എന്ന പൊതു വിലയിരുത്തലാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉണ്ടായത്.
ജനുവരി 6,7 തീയതികളിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ വിശദമായ യോഗം ചേരും. നാളെ കെപിസിസി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടേയും യോഗം കെപിസിസി ആസ്ഥാനത്ത് ചേരും. വിവാദങ്ങൾ പുറത്ത് പറഞ്ഞ് വാർത്തകളിൽ ഇടംനേടാനില്ലെന്നും പ്രവർത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!