സത്യസന്ധതയ്ക്ക് നൂറ് മേനി ; പുറംലോകമറിഞ്ഞില്ല, എന്നിട്ടും ആ 75 ലക്ഷം അവർ തിരികെ നൽകി

ചേർത്തല:നമുക്കുചുറ്റും ഇങ്ങനെയുമുണ്ട് ചിലർ; അർഹിക്കാത്തതൊന്നും തനിക്കുവേണ്ടെന്ന ദൃഢനിശ്ചയത്തോടെ സത്യസന്ധതയുടെ ആൾരൂപമായിട്ടുള്ളവർ. യാദൃച്ഛികമായി കൈയിൽവന്ന 75 ലക്ഷം രൂപയുടെ ഭാഗ്യം, മറ്റാരുമറിയില്ലെങ്കിൽപ്പോലും തന്റേതല്ലെന്ന ഉറച്ചബോധ്യത്തോടെ യഥാർഥ ഉടമയ്ക്കുതിരികെ നൽകിയ ആ യുവതിയുടെ സത്യസന്ധതയ്ക്കു സമാനതകളില്ല. ഡിസംബർ എട്ടിനു നറുക്കെടുത്ത, സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമാണ് ഒരുസ്ത്രീയുടെ സത്യസന്ധതയിൽ യഥാർഥ ഭാഗ്യവാനിലേക്കെത്തിയത്. അക്കഥയിങ്ങനെ:-
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പാറയിൽ രഞ്ജുഭവനിൽ രഞ്ജുരത്തിനം ടിക്കറ്റെടുക്കുന്നത് മുഹമ്മ ഷാപ്പുകവലയിൽനിന്ന്. വെൽഡിങ് തൊഴിലാളിയായ രഞ്ജു ജോലിയുടെ ഭാഗമായെത്തിയപ്പോഴാണു ടിക്കറ്റെടുത്തത്. പിറ്റേന്നത്തെ ജോലി ചേർത്തല ശക്തീശ്വരം കവലയിൽ. അവിടെ ജോലിക്കിടയിൽ ചായകുടിക്കാനെത്തിയപ്പോഴാണു കടയിലെ ജീവനക്കാരിയായ പരിചയക്കാരി യുവതിയെക്കണ്ടത്. നിലവിൽ കഞ്ഞിക്കുഴിയിലാണു താമസമെങ്കിലും ഇവരുടെ കുടുംബവീട് പാറയിൽ ഭാഗത്താണ്.
ടിക്കറ്റിന്റെ ഫലം നോക്കാൻ രഞ്ജു ടിക്കറ്റ് യുവതിയെ ഏൽപ്പിച്ചു. ഒരുദിവസം കഴിഞ്ഞപ്പോൾ ടിക്കറ്റിന്റെ കാര്യം രണ്ടുപേരും മറന്നു. മൂന്നാംദിവസം യുവതി ഫലം നോക്കിയപ്പോഴാണ് എസ്.എം. 864192 നമ്പരിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ അടിച്ചതായറിഞ്ഞത്. 75 ലക്ഷം കൈയിലായിട്ടും ആ മനസ്സ് ഇളകിയില്ല. ഉടനടി ടിക്കറ്റുടമയെ വിളിച്ചു. രഞ്ജുവെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. നന്ദി പറയാൻ വാക്കുകളില്ലായിരുന്നു. ‘ഇക്കാലത്തും ഇത്രയും നന്മയും സത്യവുമുള്ളവരുണ്ടല്ലോ’ എന്നായിരുന്നു 26-കാരനായ രഞ്ജുവിന്റെ പ്രതികരണം.
ഇത്രവലിയ സത്യസന്ധത കാട്ടിയിട്ടും ക്യാമറയ്ക്കു മുൻപിൽ വരാനോ പേരു പ്രസിദ്ധപ്പെടുത്താനോ യുവതി തയ്യാറായില്ല.
സമ്മാനാർഹമായ ടിക്കറ്റ് രഞ്ജു വെട്ടക്കൽ സഹകരണബാങ്കിലെത്തി സെക്രട്ടറി എസ്. ഗംഗപ്രസാദിനെ ഏൽപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം എം.എസ്. സുമേഷിന്റെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്.
‘നല്ലൊരു വീടുവെക്കണം നന്നായി ജീവിക്കണം. അതുമാത്രമാണ് ആഗ്രഹം. ജോലി തുടരും.’ രഞ്ജുവിന്റെ മോഹങ്ങൾ ഇത്രമാത്രം.

