സുന്ദരിയാണെന്നു പറഞ്ഞ് ആരോടും വോട്ട് തേടിയിട്ടില്ല , എന്നെ മാത്രം ആക്രമിക്കുന്നത് എന്തിനാണ് ? വിബിത ബാബു

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താന്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബു. ഫേയ്സ്ബുക്ക് ലൈവില്‍ വന്നാണ് തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വ്യാജ വിഡിയോയിലൂടെയും മറ്റും താന്‍ കടുത്ത വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുംവിബിത വ്യക്തമാക്കി. പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്നു വിബിത.
പരാജയം സമ്മതിച്ചു തന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും എന്നെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും മെസേജുകളുമാണ് വരുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കാനുള്ള അവസരം മികച്ച രീതിയിലാണ് ഞാന്‍ ഉപയോഗിച്ചത്.വ്യാജവിഡിയോ ഇട്ട് അപമാനിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും വിബിത ചോദിക്കുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഞാനൊരു ഫാഷന്‍ ഷോ പോലെ അല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞാന്‍ മത്സരിച്ച ഡിവിഷനിലെ എല്ലാ വീടുകളും കയറി ഇറങ്ങി. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് താന്‍ ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. പ്രമുഖരായ എത്രയോ പേര് പരാജയപ്പെട്ടു. എന്നിട്ടും തനിക്ക് നേരെ മാത്രം ഇത്ര അധികം അക്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ഒരു സ്ത്രീ പോലും രാഷ്ട്രീയത്തിലേക്ക് വരരുതെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. എന്റെ മുഖവുമായി രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്ന വിഡിയോ ഉണ്ടാക്കി. എന്നിട്ട് നടന്നു കാണിക്കുകയാണ്. എന്തിനാണ് തന്നോട് ഇത്തരത്തില്‍ വൈരാഗ്യം കാട്ടുന്നത്. വിബിത വിഡിയോയില്‍ പറഞ്ഞു.
1477 വോട്ടുകള്‍ക്കാണ് താന്‍ മല്ലപ്പളി ഡിവിഷനില്‍ പരാജയപ്പെട്ടതെന്നും 16,257 വോട്ടുകള്‍ താന്‍ നേടിയിരുന്നുവെന്നും ആ വോട്ടുകള്‍ ചെയ്തവര്‍ക്ക് വിലയില്ലേ എന്നും വിബിത ചോദിക്കുന്നുണ്ട്. താന്‍ എല്ലാവര്‍ക്കുമായി നിലനില്‍ക്കുന്ന വ്യക്തിയാണെന്നും ആരൊക്കെ എന്ത് ആവശ്യവുമായി സമീപിച്ചാലും തന്റെ കഴിവിനൊത്ത് അവരെയെല്ലാം സഹായിക്കാന്‍ ശ്രമിക്കുന്ന ആളാണ്. തനിക്കൊരു കുടുംബമുണ്ട്. ഭര്‍ത്താവും കുട്ടിയും മാതാപിതാക്കളും ഉണ്ട്. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും വിബിത പറഞ്ഞു.

