സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു ;
റെഫീഖിന്റെ മരണ കാരണം പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പോലീസ്

കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് 49- കാരൻ മരിച്ച സംഭവം. കാസർകോട് ചെമ്മനാട് സ്വദേശി റഫീഖ് ആണ് മരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് ആരോപണം. സംഭവത്തിൽ യുവതി റഫീഖിനെ ചോദ്യംചെയ്യുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതോടെ ഇയാൾ ആശുപത്രിയിൽനിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെ ഓടി. ഇതുകണ്ട സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും മറ്റുള്ളവരും പ്രശ്നത്തിൽ ഇടപെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ ഇവർ ഓടിച്ചിട്ട് മർദിച്ചു.ഏകദേശം അരക്കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ മർദനം നടന്നതായാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ റഫീഖ് കുഴഞ്ഞുവീണതോടെ ചിലർ പിൻവാങ്ങി. എന്നാൽ അഭിനയമാണെന്ന് പറഞ്ഞ് കുഴഞ്ഞുവീണ് കിടന്ന റഫീഖിനെ ചിലർ വീണ്ടും മർദിച്ചെന്നും നാട്ടുകാർ പറയുന്നു. ഇതിനുപിന്നാലെ വായിൽനിന്ന് നുരയും പതയും കണ്ടതോടെ മറ്റുള്ളവർ ഇടപെട്ട് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുന്നതിന്റെയും ആളുകൾ പിടിച്ചു തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സമീപത്തെ കടകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് ശേഖരിച്ചത്.
മർദ്ദനമേറ്റ റഫീക്കിനെ ഉച്ചക്ക് 1.45ഓടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന‍്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു. മരണകാരണം മർദ്ദനമാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്താമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.റഫീക്കിന്‍റെ ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റഫീക്ക് ശല്യം ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാസർകോട് വനിതാ സെല്ലും കേസെടുത്തു. ആശുപത്രി പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

