നിലാവി’ലാണിനി പ്രതീക്ഷ; പദ്ധതിയിൽ ടൗണിലെ തെരുവ് വിളക്കുകൾ പ്രകാശിക്കുമോ?

ബദിയടുക്ക ∙ ‘നിലാവ്’ പദ്ധതിയിൽ ടൗണിലെ തെരുവ് വിളക്കുകൾ പ്രകാശിക്കുമോ? ബദിയടുക്ക, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ തെരുവു വിളക്കുകളിൽ പകുതിയും കത്തുന്നില്ല. ബദിയടുക്ക ടൗൺ സർക്കിളിലും ബസ് സ്റ്റാൻഡിലുമുള്ള വിളക്കുകൾ പ്രകാശിക്കാതെയായിട്ടു മാസങ്ങളായി. ബസ് സ്റ്റാൻഡിലെ 6 ഹൈമാസ്റ്റ് ലൈറ്റുകളാണു പ്രകാശിക്കാത്തത്. ഇതോടെ വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്. മീത്തൽ ബസാർ മുതൽ പെട്രോൾ പമ്പ് വരെയുള്ള ഡിവൈഡറുകളിലെ മുപ്പതോളം ലൈറ്റുകളിൽ പലതും പ്രകാശിക്കുന്നില്ല. മാസം തോറും 1 ലക്ഷം രൂപയാണ് പഞ്ചായത്ത് കറന്റ് ബിൽ അടയ്ക്കുന്നത്. ഗുണമേന്മ ഇല്ലാത്ത വിളക്കുകൾ സ്ഥാപിക്കുന്നതുകൊണ്ടാണ് വിളക്കുകൾ അൽപായുസ്സ് ആകുന്നതെന്നു പരക്കെ പരാതിയുണ്ട്. അറ്റകുറ്റപ്പണിയും പലപ്പോഴും വൈകുകയാണ്. വാറന്റി കഴിഞ്ഞാൽ പഞ്ചായത്ത് ഫണ്ടിൽ നിന്നു വർഷംതോറും അറ്റകുറ്റപണികൾക്കായി പണം നീക്കിവയ്ക്കേണ്ട അവസ്ഥയുമുണ്ട്.
സാമൂഹിക ദ്രോഹികൾ ഇവ തകരാറിലാക്കുന്നതായും പരാതിയുയർന്നിരുന്നു. ഇതു നിയന്ത്രിക്കാനും നടപടി ഉണ്ടാകുന്നില്ല.ഇപ്പോൾ നിലാവ് പദ്ധതിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ബദിയടുക്ക പഞ്ചായത്ത് 500 ബൾബുകളുള്ള പദ്ധതിയിലാണ് ചേർന്നത്.എൽഇഡി ലൈറ്റുകൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിക്കുന്ന പദ്ധതിയാണ് നിലാവ്.എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിൽ നിന്നു (ഇഇഎസ്എൽ) സാധന സാമഗ്രികൾ വാങ്ങി കെസ്ഇബി മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയാണിത്. 7 വർഷം വാറന്റി നൽകും. സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപണി, മാറ്റി സ്ഥാപിക്കൽ എന്നിവയ്ക്കു പഞ്ചായത്ത് കെഎസ്ഇബിയുമായി കരാർ വയ്ക്കണം. ഇതിനു വേണ്ടവാർഷിക വരിസംഖ്യ കിഫ്ബിക്കു നൽകണം. വിവിധ പ്ലാനുകൾ ഉണ്ട്. മൊത്തം ചെലവിന്റെ 80 ശതമാനം മുൻകൂറായി കിഫ്ബി ഇഇഎസ്എല്ലിനു നൽകും.

