KSDLIVENEWS

Real news for everyone

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം- ഉമ്മന്‍ ചാണ്ടി

SHARE THIS ON

തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വർഷം കഴിയുമ്പോൾ മറ്റു സംസ്ഥാനങ്ങൾ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വൻപരാജയമായെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതേക്കുറിച്ചു പഠിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉൾപ്പെടുത്തി അടിയന്തരമായി സമിതി രൂപീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

“ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള 10 ജില്ലകളിൽ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളിൽ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളിൽ മൂന്നാമതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തിൽ. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്. ഇതിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സർക്കാരിന്റെ കോവിഡ് ഡാറ്റ വിശ്വാസയോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമികരോഗ വിദഗ്ധൻ ഡോ. രാമൻ കുട്ടി ചൂണ്ടിക്കാട്ടിയത്”, ഉമ്മൻചാണ്ടി പറഞ്ഞു..

“കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. ശനിയാഴ്ച 59,759 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും സംഘടനകളും ദീർഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതൽ ടെസ്റ്റ് നടത്തിയാൽ കൂടുതൽ രോഗികളെ കണ്ടെത്തുമെന്ന് സർക്കാർ ഭയക്കുന്നു. ഒരു വർഷമായിട്ടും ടെസ്റ്റിങ്ങിനുള്ള ലബോറട്ടറി സംവിധാനങ്ങൾ വ്യാപിപ്പിച്ചില്ല. സർക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുർബലപ്പെടുത്തി. സ്വകാര്യമേഖലയെ കൂടുതൽ സഹകരിപ്പിക്കുകയും കൂടുതൽ ടെസ്റ്റുകളും ടെസ്റ്റിങ് സെന്ററുകളും ഏർപ്പെടുത്തുകയും വേണം”.

കൂടുതൽ ജനസാന്ദ്രത കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹ രോഗികളും കൂടുതലാണെന്നും മറ്റുമാണ് സർക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനെയും ന്യായീകരിക്കാൻ ഉപയോഗിക്കുന്നു. കേരളത്തേക്കാൾ ജനസാന്ദ്രത കൂടിയ ഡൽഹി, യുപി, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോവിഡ് നിയന്ത്രിക്കപ്പെട്ടു. പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാൾ മുന്നിൽ സംസ്ഥാനങ്ങളുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വൻ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!